2014, മാർച്ച് 1, ശനിയാഴ്‌ച

പച്ചിലക്കാടന്‍ വാറുണ്ണി

വീരനും ശൂരനുമൊക്കെയാണെങ്കിലും പരാക്രമിയായിരുന്നില്ല അവന്‍ .
തന്‍റെ രക്ഷകനും ഗുരുനാഥനുമായ വീരപ്പന്‍ ചേട്ടനെപ്പോലെത്തന്നെ ആ അരുമ ശിഷ്യനും അത്കൊണ്ടു തന്നെ പച്ചിലക്കാട്ടിലെ സാധാരണ ജന്തുക്കള്‍ക്ക് പ്രിയംകരനാവാന്‍ അധിക കാലം വേണ്ടി വന്നില്ല.
അവനാണ് ഇന്നവരുടെ പച്ചിലക്കാട്ടിലെ താരം . എന്നാലോ , അതിന്‍റെതായ യാതൊരഹങ്കാരവും അവനില്‍ അല്‍പം പോലും കാണാന്‍ കഴിയില്ല നമുക്ക്‌ .
അതിനു കാരണവു മുണ്ട് .... ,
മറന്നിട്ടില്ല അവനൊരിക്കലും അവന്‍റെ കഴിഞ്ഞ കാലം !
ആ ഭീകര രംഗം !

അന്ന് ... , ആ വെപ്രാളത്തിന്നിടയിലും തന്‍റെ അമ്മ തന്നെനോക്കി രക്ഷപ്പെടുത്താന്‍ കെഞ്ചിയത് . 

ഓര്‍ക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു.: -

താന്‍ കുഞ്ഞായിരിക്കുമ്പോള്‍
ഒരിക്കല്‍ തന്‍റെ പെറ്റ തള്ളയെ - പൂച്ചയമ്മാളിനെ - നാട്ടിലെ അധികാരമുള്ള ഒരു വേട്ടപ്പട്ടി തന്‍റെ കണ്‍മുന്നിലിട്ട് പിച്ചിച്ചീന്തുന്നത് കണ്ട് ഭയന്ന് നിലവിളിച്ചോടി നേരെ ചെന്നെത്തിയത് അന്ന് വീരപ്പന്‍ ചേട്ടന്‍റെ മുന്നിലായിരുന്നു.

ചാണകപ്പച്ച നിറത്തിലുള്ള അയഞ്ഞ കാല്‍ശരായിയും മുഷിഞ്ഞു നിറം മങ്ങിയ ഒരു ബനിയനും ധരിച്ച് - ഉണ്ടക്കണ്ണുകളും , കൊലകൊമ്പന്‍ മീശയുമുള്ള - അര്ര്‍ക്കും പേടി തോന്നുന്ന
സാക്ഷാല്‍ വീരപ്പന്‍ ചേട്ടന്‍റെ മുന്നില്‍ !

താന്‍ കിതച്ചോടിവന്ന നേരത്ത് ഏതോ ഒരു കരിങ്കുരങ്ങിന് കട്ടന്‍ കാപ്പി കൊടുക്കുകയാണദ്ദേഹം .

ഭയന്ന് വിറച്ചു പോയി ....

കഴുത്തിലെ കറുത്ത ചരടില്‍ രണ്ടു പുലിനഖങ്ങള്‍ കോര്‍ത്തിട്ടിരിക്കുന്നു.
ഒരു കൈയ്യില്‍ സ്റ്റീലിന്‍റെ തടിച്ച ഒരു വളയം.
മറുകയ്യില്‍ ആനവാലുകള്‍ കൂട്ടിക്കെട്ടി ചുറ്റിപ്പിണച്ച്ചുണ്ടാക്കിയ മറ്റൊരു വളയം . ഒറ്റനോട്ടത്തില്‍ അതൊരു കരിന്തേള് പോലെ തോന്നിക്കും.
ചളി കട്ടപിടിച്ച കൂര്‍ത്തു വളഞ്ഞ നഖങ്ങള്‍ കണ്ടാല്‍ ഏതോ ശവംതീനിക്കഴുകന്‍റെ കാല്‍ വിരലുകളാണെന്നേ തോന്നൂ.
തന്‍റെയമ്മ പൂച്ചയമ്മാള്‍ പറഞ്ഞ് - പലപ്പോഴും താന്‍ കേട്ടിട്ടുണ്ട് - ഈ വീരപ്പന്‍ ചേട്ടനെപ്പറ്റി. പക്ഷെ ...
അത് ഇത്രയ്ക്ക് ഭീകര രൂപത്തിലാവും എന്ന് കരുതിയിരുന്നില്ല .

അരികില്‍ , അദ്ദേഹം ഇരിക്കുന്ന പാറക്കല്ലിനോട് ചേര്‍ന്നുള്ള കാട്ടുമാരത്തില്‍ ചാരി വച്ച വലിയ ഒരു ഇരട്ടക്കുഴല്‍ തോക്ക്.
ചത്ത പാമ്പ് പോലെയുള്ള അതിന്‍റെ തോല്‍പട്ട തോക്കിന്‍കുഴലിന്‍റെ മധ്യത്തില്‍ നിന്നും പാത്തി വരെ തൂങ്ങിക്കിടപ്പുണ്ട്.
അദ്ദേഹത്തിന്‍റെ ശരീരം ചുറ്റി കഴുത്തിലൂടെ താഴോട്ട് ഞാന്ന് കിടക്കുന്ന തോക്കിന്‍റെ വലിയ വണ്ണമുള്ള തിരകള്‍ !
വലിയ ഒരു മാലപ്പടക്കം പോലെ തോന്നിക്കുന്ന അവയുടെ ക്ലാവ് പിടിച്ച ചെമ്പു നിറത്തിന് വീരപ്പന്‍ ചേട്ടന്‍റെ കറ പിടിച്ച പല്ലുകളോട് നല്ല സാമ്യം തോന്നുന്നു .
അരയില്‍ കെട്ടിയ അരപ്പട്ടയില്‍ പലതരം കത്തികളും കഠാരകളും ... !

ഭയന്ന് കണ്ണു തള്ളിയ താന്‍ പിന്‍തിരിഞ്ഞു നടക്കാനൊരുങ്ങിയതാണ് .
പൊടുന്നനെ .... -

'' ഡാ... പൂ - നൈ .... , ഇങ്കെ വാ .... "

എന്നൊരു വിളി കേട്ടത് .

ഏതോ ഗുഹയിലകപ്പെട്ട കാട്ടുപോത്തിന്‍റെ മുരള്‍ച്ചപോലെയുള്ള ആ ശബ്ദം കേട്ട് താന്‍ ഞെട്ടിത്തരിച്ച് ... മെല്ലെ തിരിഞ്ഞു നോക്കി.
വിശ്വസിക്കാന്‍ കഴിഞ്ഞില്ല !
വീരപ്പന്‍ ചേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നു.
തന്‍റെ ഭയം മാറാനെന്നോണം അദ്ദേഹം ഒരു കഷ്ണം ചുട്ട ഇറച്ചി തനിക്ക് ഇട്ടു തന്നു.
എന്നിട്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു ..
അത് തിന്നോളാന്‍ ... !

കാഴ്ചയിലെ ക്രൂരത പെരുമാറ്റത്തില്‍ കാണാനില്ല .
തന്നെ തഴുകി തലോടി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .

എല്ലാം വിശദമായി കേട്ട ആ മനുഷ്യന്‍റെ കണ്ണുകള്‍ ചുവന്ന് പേശികള്‍ വലിഞ്ഞു മുറുകി. തന്നെയും കൂട്ടി പച്ചിലക്കാടിനു വെളിയില്‍ വന്ന അദ്ദേഹം താന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ആ ഇരട്ടക്കുഴല്‍ തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.....

അവിടെ , അപ്പോഴും തന്‍റെ അമ്മയെ ചില വേട്ടപ്പട്ടികള്‍ ചേര്‍ന്ന് ....

' ..ഡ്ഡ മാര്‍ .. ട്ഷ്യൂം ' ....




ഒരലര്‍ച്ചയോടെ വീരപ്പന്‍ ചേട്ടന്‍റെ കയ്യിലെ തോക്ക് രണ്ടു തവണ തീ തുപ്പി.

അതാ ... ആ വേട്ടപ്പട്ടി ഒന്ന് മുരണ്ട് ....
കറങ്ങിത്തിരിഞ്ഞ് നിലത്ത് വീണു.

ഒന്ന് തുള്ളിച്ചാടണമെന്നുണ്ട് തനിക്ക്.
പക്ഷേ വീരപ്പന്‍ ചേട്ടന്‍ ...
അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ !!

കഴുത്തില്‍ പട്ട കെട്ടിയ ആ നാടന്‍ വേട്ടപ്പട്ടി വീരപ്പന്‍ ചേട്ടാന്‍റെ വെടി കൊണ്ട് പുളഞ്ഞ്
ചത്തു മലച്ചു എന്നത് നേര്.
അതിനു മുന്‍പേ തന്‍റെ അമ്മയുടെ മാനവും ജീവനും ആ കശ്മലന്‍ -
ആ കാട്ടാളന്‍ കവര്‍ന്നിരുന്നു.

ചവച്ചു തുപ്പിയില്ലേ എന്‍റെ അമ്മയെ ആ നന്ദികെട്ട പട്ടികള്‍ .
... ... ... ... ... ... ...
അന്ന് മുതല്‍ നമ്മുടെ വാറുണ്ണിപ്പൂച്ച വീരപ്പന്‍റെ വലംകൈ ആയതാണ്.
ഉന്നം തെറ്റാതെ വെടി വെക്കാനുള്ള സൂത്രം വളരെപ്പെട്ടെന്നാണ് വാറുണ്ണി വീരപ്പനില്‍ നിന്നും സ്വായത്തമാക്കിയത് !.
കാലത്തിന്‍റെ തിരിമറിയാലോ ...
അതോ ഖദറിട്ടവന്‍റെ നെറികേടിനാലോ എന്നറിയില്ല ...
വീരപ്പന്‍ ചേട്ടനും ' അപമൃത്യു'വിന്നിരയായി !

ഇരയാക്കി എന്ന് പറയുന്നതാവും നേര്.

അതിനു മുന്‍പ്‌ അദ്ദേഹം തന്‍റെ സന്തത സഹചാരിയായ ആ ഇരട്ടക്കുഴല്‍ തോക്ക് നമ്മുടെ വാറുണ്ണിപ്പൂച്ചയെ വിശ്വസിച്ചേല്‍പ്പിക്കാന്‍ മറന്നില്ല ഒരു പാരമ്പര്യം പോലെ ... !

ബന്ദിപ്പൂര്‍ , വാളയാര്‍ , മുത്തങ്ങ വനങ്ങളിലെല്ലാം ഇന്ന് എന്തതിക്രമമുണ്ടായാലും ആ ജന്തുക്കലെല്ലാം ഓടി വരുന്നത് നമ്മുടെ പച്ചിലക്കാട്ടിലേക്കാണിപ്പോള്‍ -
വാറുണ്ണിയുടെ സഹായം തേടിക്കൊണ്ട് !

പെറ്റ തള്ളയെ - മാനം പിച്ചിച്ചീന്തി .. ജീവന്‍ പോലും ബാക്കി വെക്കാതെ ഇല്ലാതാക്കിയ  ആ വേട്ടപ്പട്ടിയുടെ മുഖം മറക്കില്ല വാറുണ്ണി ഒരിക്കലും.
മറക്കാന്‍ കഴിയില്ല അവനെക്കൊണ്ട് . 


ആ നിസ്സഹായതയില്‍ നിന്നുമുണ്ടായ വൈരാഗ്യമാവാം ...

ഇന്നും , ആ പരിസരത്തെങ്ങും നിരപരാധികളും നിസ്സഹായരും നിരാലംബരുമായ ജന്തുക്കളെ അകാരണമായി കടിച്ചു കീറുകയും , 
മറ്റു ചിലരുടെ മുന്‍പില്‍ വാലാട്ടുകയും ചെയ്യുന്ന 
ഏതു പട്ടിയെക്കണ്ടാലും വാറുണ്ണി വെടി വെച്ച് കൊല്ലും. 

അല്ലെങ്കിലും പൊതുവേ ഏതു പട്ടിയും യജമാനക്കൂറ് മാത്രം കാംക്ഷിക്കുന്നവരാണല്ലോ .
ചിലതിനെ മയക്കവെടി വെച്ച് പിടികൂടി കൊല്ലാതെ കൊന്ന് പച്ചിലക്കാട്ടിലെ പൊതു ജന്തുക്കള്‍ക്ക് സമര്‍പ്പിക്കും വാറുണ്ണി .


അതാണല്ലോ വേണ്ടതും !
കാരണം ... ,
അവര്‍ക്കും തീര്‍ക്കണമല്ലോ അവരുടെ കൈത്തരിപ്പ് .

ദാ ... ഈ ചിത്രത്തില്‍ കാണുന്ന പോലെ !...................................................................................................

Hamza Pullatheel
2013 Aug 10 on Face Book 

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

'' ആല്‍മരവുമായുള്ള ആത്മ ബന്ധം "
_____________________________________

ഞങ്ങളുടെ ' കരിമ്പില്‍ ' ദേശത്തിന്‍റെ ലാന്‍ഡ്‌മാര്‍ക്കാണ് ഈ മുത്തശ്ശിയാല്‍ !
 ഒരു നൂറ്റാണ്ട് പിന്നിടാറായിക്കാണണം അതിന്‍റെ തായ്‌വേരുകള്‍ക്ക് .


തിരക്കേറിയ പാതയോരത്ത് മലര്‍ന്നടിച്ച്‌ കറുത്ത് കരുവാളിച്ച്
തെക്ക് - വടക്കായി നീണ്ട് ,
ഇത്തിരി വളഞ്ഞ് - ചിലയിടങ്ങളില്‍ അല്‍പം ചെരിഞ്ഞ്
ചത്ത് കിടക്കുന്ന NH ( ദേശീയപാത ) -17 - ല്‍ , ചീറിപ്പായുന്ന വാഹനക്കൂട്ടങ്ങളെ നോക്കി സദാ കുളിര്‍ക്കാറ്റു വീശിയ , എന്നും പച്ചപ്പ് നിറഞ്ഞ മൂന്നു ആല്‍മരങ്ങള്‍ !

കരിമ്പില്‍ അങ്ങാടിയില്‍നിന്നും നൂറു മീറ്റര്‍ വടക്ക് മാറി
റോഡിന്‍റെ വലതു വശം ചേര്‍ന്ന് പടര്‍ന്ന് പന്തലിച്ച പേരാല്‍ എന്ന മുത്തശ്ശി മരം . പ്രായം അനവധിയായിട്ടുണ്ട് .
അതിനിടക്ക് ഈ മുത്തശ്ശിയുടെ ഒന്നുരണ്ട് മക്കള്‍ അകാലത്തില്‍ തായ്ത്തടിയില്‍ വലിയ പൊത്ത് വന്ന് കുറ്റിയറ്റു .

മുന്‍പ് , ഹൈവേ വിപുലീകരിക്കുന്നതിന്‍റെയും കുറേ മുന്‍പ്‌ , ആല്‍മരത്തെ ഇടതു വശത്താക്കിയായിരുന്നു പഴയ ഇളം ചുവപ്പ് നിറമുള്ള അന്നത്തെ ,
വെള്ളക്കാര്‍ നിര്‍മ്മിച്ച ആ പഴയ റോഡ്‌ കടന്നു പോയിരുന്നത്.

അന്നൊക്കെ, ടക ടക ടക ... പായുന്ന കുതിര വണ്ടികളും
 ജ്ജില്‍ .. ജില്ലു ജില്‍ ... ജ്ജില്‍ ജിലി .... എന്ന കുടമണി നാദം മുഴക്കി കടന്നു പോവുന്ന കാളവണ്ടികളും

വല്ലപ്പോഴും വരാനുള്ള ' കല്‍ക്കരിയുടെ ആവിയാല്‍ ' ഓടുന്ന പത്തായം പോലുള്ള ബസ്സുകളും മാത്രം ഉണ്ടായിരുന്ന ആ കാലത്ത് പഴയ ആ റോഡു തന്നെ ധാരാളം മതിയായിരുന്നു.

' ചെത്തു വഴി ' എന്നായിരുന്നു ഈ പാതകള്‍ക്ക് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് !
 പാതകള്‍ കടന്നു പോവുന്ന വഴിവക്കില്‍ ആയിരിക്കുമല്ലോ സ്വാഭാവികമായും കടകളും വാണിജ്യങ്ങളും പൊതുവില്‍ നടക്കാറുള്ളതും .

അതുകൊണ്ടായിരിക്കാം അന്നുള്ളവര്‍ ' അങ്ങാടി ' യിലേക്ക് വരുന്നതിനെ ... '' ചെത്തേയ്ക്ക് ' പോയി എന്ന് പറയാനുണ്ടായ കാരണവും എന്ന് തോന്നുന്നു.
പൊതുവേ ഉച്ചാരണ സ്ഫുടത കുറഞ്ഞ ഒരു പറ്റം ജനങ്ങള്‍
ഈ '' ചെത്തുവഴി '' യെ പറഞ്ഞിരുന്നത് '' ചെത്തേയി '' എന്നായിരുന്നു എന്നത് തര്‍ക്ക രഹിതമാണ് -
ചിന്തിക്കുന്നവര്‍ക്ക് !

മണ്‍ മറഞ്ഞ പൂര്‍വ്വികരുടെ കാലടികള്‍ പതിഞ്ഞ അതിന്‍റെ , ആ റോഡിന്‍റെ ശേഷിപ്പുകള്‍ പലയിടത്തും പൊളിഞ്ഞടര്‍ന്നെങ്കിലും ഇന്നും കാണാം നമുക്കവിടെ അങ്ങിങ്ങായി അല്‍പ സ്വല്‍പം ചിലതൊക്കെ .

മുണ്ട് മടക്കിക്കുത്തി ഒറ്റയ്ക്ക് അങ്ങാടിയില്‍ വരാനുള്ള ചങ്കൂറ്റം വന്ന ... ' വല്യ കുട്ടി ' ആയ നാളുകളില്‍ അങ്ങാടിയിലെ ഹസ്സന്‍കുട്ടിക്കയുടെ പീടികയില്‍ നിന്നും വാടക സൈക്കിളുകള്‍ എടുത്ത് ചവിട്ടിപ്പടിക്കാന്‍ ഏറ്റവും നല്ല ഇടം ഈ ആലിന്‍ ചുവടായിരുന്നു ഞങ്ങള്‍ക്ക്.

കാരണം , പുതിയ റോഡ്‌ വന്നത് കൊണ്ട് വാഹനങ്ങളെ പേടിക്കേണ്ടല്ലോ.

പെഡലുകള്‍ ഊരിപ്പോയി - ഒരു തണ്ട് മാത്രം ബാക്കിയായ
' കാല്‍ വണ്ടി , - ' അര വണ്ടി ' , ' മുക്കാല്‍ , ഫുള്‍ '' ....
ഇതായിരുന്നു അന്നത്തെ സൈക്കിളുകള്‍ !
ചെയിന്‍ കവര്‍ ഏതായാലും ഉണ്ടാവില്ല.
ഒരു കണക്കിന് അതും എളുപ്പമായിരുന്നു. ഇടയ്ക്കിടെ ചെയിന്‍ അഴിഞ്ഞു വീഴുമ്പോ .... വീണ്ടും പല്‍ചക്രത്തില്‍ കുടുക്കി പെഡല് പിന്നോട്ട് കറക്കി -
അത് നേരെയാക്കാന്‍ സൌകര്യമാണല്ലോ കവര്‍ ഇല്ലാതായാല്‍ !
ചില സൈക്കിളുകള്‍ക്ക് ബെല്ല് ണ്ടാവും.
പക്ഷേ , ബ്രേക്ക് ണ്ടാവൂല. ചിലത് നേരെ തിരിച്ചും.

എന്നാലും ആലിന്‍ ചുവട്ടിലെ ആ ഒത്തുകൂടല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ലാത്തൊരു ഹരമായിരുന്നു.
'

Y ' ആക്രുതിലുള്ള ചെറിയ മരച്ചില്ല വെട്ടിയെടുത്ത് ...
അതില്‍ കറുത്ത റബ്ബര്‍ ഘടിപ്പിച്ച് ... ആ റബ്ബറിന്‍റെ മദ്ധ്യത്തില്‍ ഒരു കല്ലും വെച്ച് ... നീട്ടി വലിച്ച് .....
ഉന്നം തെറ്റാതെ കിളികളെ എറിഞ്ഞു വീഴ്ത്താന്‍ അന്നൊക്കെ എന്തുല്‍സാഹമായിരുന്നു !...

എന്തിനത് ചെയ്യുന്നു !? എന്തിനത് ചെയ്തു ...
എന്നത് ഇന്നും ഒരു കടം കഥ പോലെ.....

ജീവനുള്ള ആനയെ ആദ്യമായി കണ്ടത് ഈ ആലിന്‍ ചുവട്ടില്‍ വെച്ചായിരുന്നു.

വലിയ ഒരു കെട്ടു പനംപട്ട കൊമ്പുകള്‍ക്കിടയില്‍ താങ്ങി .... ചങ്ങലയും കിലുക്കി .... വലിപ്പമേറിയ ചെവികള്‍ വീശി .... മന്ദം മന്ദം നടന്നു വന്ന ഒരു കൊമ്പനാന.
കൂടെ അതിനെ നിയന്ത്രിക്കാന്‍ മണ്ണ് പുരണ്ട വസ്ത്രമണിഞ്ഞ .. ആനയുടെ കാലോളം മാത്രം തടിയുള്ള രണ്ടു മനുഷ്യക്കോലങ്ങളും.

എത്ര പേടിച്ചു പേടിച്ചായിരുന്നു അന്ന് അകലം പാലിച്ച് ആനയെ കണ്ണ് നിറയെ നോക്കിക്കണ്ടത്.. !!!
പിന്നീട് എത്രയോ ആനകളും പാപ്പാന്‍മാരും യാത്രാ മദ്ധ്യേ ഈ മരണത്തണലില്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്താറുണ്ട് . എന്നാലും ... , അന്ന് ആദ്യമായി കണ്ട ആ ആനയോളം വലിപ്പമുള്ള ഒരാനയെ പിന്നീടിതുവരെ കാണാന്‍ കഴിഞ്ഞില്ല.
അതോ .. , അന്നത്തെ ആദ്യ കാഴ്ച മനസ്സില്‍ പതിഞ്ഞതോ ...?!!!

എന്നാലും ആന പോയ ശേഷം ആഴ്ച്ചകളോളം ആല്‍മരത്തിന്റെ ചുവടെ കാണും .... ഒരു കൂന ആനപ്പിണ്ടം !
ഒരു ആനക്കുട്ടിയെ കാണുന്ന കൌതുകമായിരുന്നു .... സ്കൂളില്‍ പോവുന്ന സമയത്തും വരുംബോഴുമൊക്കെ അന്നത് കാണുമ്പോല്‍ . അറിയാതെ ഉള്ളിലൊരു പേടിയും..... !!!

പലപ്പോഴായി ഈ ആല്‍ത്തണലിലെ ശീതളച്ഛായയില്‍ പതിനായിരക്കണക്കിന് വാഹനങ്ങളും അതിലെ അന്യദേശക്കാരായ യാത്രക്കാരും ക്ഷീണം അകറ്റി ഓജസ്സ് വീണ്ടെടുത്തു.

പണ്ടൊക്കെ വാണിയംകുളത്തു നിന്നും ചേളാരിയിലെ കാലിച്ചന്ത യിലേക്ക് കാല്‍നടയായി പോവുന്ന കന്നുകൂട്ടങ്ങള്‍ക്ക് ഒരു ഇടത്താവളവും - ആ സാധു മൃഗങ്ങള്‍ക്ക് മനസ്സറിഞ്ഞ് ഒന്നയവിറക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരവുമായിരുന്നു ഞങ്ങളുടെ ഈ ആല്‍മരത്തണല്‍ .

ശബരിമല സീസണില്‍ വടക്കന്‍ കേരളത്തില്‍ നിന്നും ,
അതുപോലെ ആന്ധ്ര , കര്‍ണാടക , മഹാരാഷ്ട്ര ... തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സന്നിധാനം ലക്ഷ്യമാകി പോവുന്നവരും വരുന്നവരുമായ തീര്‍തഥാടകര്‍ക്ക് ഈ ആല്‍മരവും അതിന്‍റെ പരിസരവാസികളായ ' ഞങ്ങളും ' എന്നും ഒരത്ഭുതവും കൌതുകവും ആയിരുന്നു.

ഇവിടെ വാഹനം നിറുത്തി,
അപരിചിതരായ പലരും - തൊട്ടടുത്ത മുജീബ്‌ ന്‍റെ പെട്ടിക്കടയില്‍നിന്നും ഇളനീരോ ,
അബ്ദുവിന്‍റെ 'റഷീദ' ഹോട്ടലില്‍ നിന്നും ലഘുഭക്ഷണമോ , എതിര്‍വശത്തെ കുഞ്ഞാപ്പു വിന്‍റെ കടയില്‍ നിന്നും സിഗരട്ടോ വാങ്ങി ആല്‍ത്തണലില്‍ അല്‍പം വിശ്രമിച്ച് പോവുംമുന്‍പ്‌ - ഞാനുമായി - ഞങ്ങളുമായി - ആ അപരിചിതര്‍ പുതിയ ഒരു സൗഹൃദം കെട്ടിപ്പടുക്കാന്‍ ഇടയായതിന് പലപ്പോഴും സാക്ഷിയാണ് ഇ ആല്‍കൂട്ടം !

അവധിക്ക് നാട്ടിലെത്തിയാല്‍ ... കൂട്ടുകാരോടൊത്ത് ഒഴിവു വേളകള്‍ സരളമാക്കിയിരുന്നത് വീട്ടില്‍നിന്നും 100 വാരയില്‍ താഴെമാത്രം ദൂരത്തുള്ള ഈ വൃക്ഷക്കൂട്ടങ്ങളുടെ തണല്‍പറ്റിയായിരുന്നു.
ഞങ്ങള്‍ക്ക് വേണ്ടിയെന്നോണം അപ്പോള്‍ മരച്ചില്ലകളില്‍ കിളികള്‍ കച്ചേരി നടത്തും.... !

അണ്ണാറക്കണ്ണന്‍മാര്‍ കൊമ്പ് കുലുക്കി നല്ല പഴുത്ത ആലിന്‍കായകള്‍ ഞങ്ങള്‍ക്കുമുന്നില്‍ വീഴ്ത്തിത്തരും .... !

അന്നേരം , മരച്ചില്ലകളില്‍ വാല്‍ ചുറ്റിപ്പിണച്ച് ഞാന്നു  കിടന്ന് തൂങ്ങിയാടുന്ന പച്ചിലപ്പാമ്പുകള്‍ പലപ്പോഴും ഞങ്ങളെ നോക്കി നൃത്തം ചെയ്യന്നത് കണ്ടിട്ടുണ്ട് .... !
 ഹേമന്തം ബാധിച്ച ആലിലകള്‍ മഞ്ഞളിച്ച് തളര്‍ന്ന് ...
ശിശിരത്തില്‍ ഇലകള്‍ പൊഴിഞ്ഞ് ...
വീണ്ടും തളിര്‍ത്തു വരുന്നത് !

ഹോ ... എന്തൊരു സുന്ദരമാണാ കാഴ്ച !

ഹരിത പര്‍ണ്ണങ്ങള്‍ ഇളം കാറ്റില്‍ കുലുങ്ങിച്ചിരിച്ചു നില്‍ക്കുന്ന ആ നയനമനോഹര ദൃശ്യം !

വൈകുന്നേരങ്ങളില്‍ പലപ്പോഴും ഞങ്ങള്‍ -
- റോഡിന്നെതിര്‍വശത്തെ മുറുക്കാന്‍കടക്കാരന്‍ മൊയ്തീന്‍കുട്ടി സാഹിബിന്‍റെയോ ,
അല്ലെങ്കില്‍ - അതിന്നരികെ ' അപ്നാ ' ഹോട്ടല്‍ നടത്തുന്ന ഇബ്രാഹിംഭായി യുടെ കടകള്‍ക്ക് മുന്നില്‍ പുതുതായി തളിര്‍ത്തു വരുന്ന ചീനിമരതണല്‍പറ്റിയോ ,
അതുമല്ലെങ്കില്‍ അവിടെയുള്ള ആ ബെഞ്ചിലോ ... ( തലമുറകള്‍ കയ്മാറി ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായ ഈടുറ്റ ആ
വയസ്സന്‍ ബെഞ്ച് ) ഇരുന്ന് -
എത്ര നേരമായിരുന്നു അന്നൊക്കെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നിട്ടുള്ളത് ! അന്നേരം ആ തളിരിലകള്‍ ഞങ്ങളെ മാടിവിളിക്കുകയായിരുന്നില്ലേ ... !

ഇപ്പൊ , ഇതാ , ഈ ഫോട്ടോയില്‍ കാണുന്ന ഒടിഞ്ഞു വീണ ആ ആല്‍പ്പെണ്ണ് !
അത് മുത്തശ്ശിയുടെ മൂന്നാം തലമുറയിലെ പേരമകളാണ് .

ജന്‍മനാ ഈ തടി അല്‍പം ശോഷിച്ചതായിരുന്നു.
അതുകൊണ്ടാവാം ... ഇപ്പോള്‍ മുറിഞ്ഞ ആ ഭാഗത്തിന്‍റെ അല്‍പം മുകളില്‍ നിന്നും പലപ്പോഴായി അതിന്‍റെ കയര്‍രൂപം കൊണ്ട കൈകള്‍ ഭൂമിയെ നോക്കി നീണ്ടു ഊര്‍ന്ന് വരുമായിരുന്നു - പ്രകൃതിയുടെ വരം പോലെ -
നിലത്ത് കുത്തി വേരോട്ടം കിട്ടി തായ്ത്തടിക്ക് താങ്ങാവാന്‍ !

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആ കയര്‍ രൂപം വണ്ണം വെച്ച് , അമ്മയ്ക്കൊത്ത മോളായി ...
മറ്റൊരു ആല്‍മരം കൂടെ പുതുതായി ഉണ്ടായേനെ !
കൂടെ , സ്വന്തം തായ്ക്ക് എന്നെന്നും ഒരു താങ്ങും !

പക്ഷേ , ... അതിനു സമ്മതിക്കാതെ ,
നിലം നോക്കി നീണ്ടു വളര്‍ന്നുവന്ന ആ കുഞ്ഞിക്കൈകളെ നിലം തൊടാന്‍ സമ്മതിക്കാതെ , ഊഞ്ഞാലാടി പൊട്ടിച്ചുകളഞ്ഞില്ലേ പലപ്പോഴും ചില വികൃതിപ്പിള്ളേര്‍ ! ? ! .
ഞാന്‍ പലപ്പോഴും മുന്നറിയിപ്പ് കൊടുത്തതാണ് : അരുത് കാട്ടാളാ - അരുതേ .. എന്ന് . പക്ഷേ ഈ വിവരംകെട്ടവന്‍റെ വാക്കുകള്‍ ആരു കേള്‍ക്കാന്‍ !

ഇനിയെങ്കിലും , പ്രകൃതി കൊടുത്ത കഴിവിനാല്‍ ഭൂമിയെ നോക്കി ഊര്‍ന്നിറങ്ങുന്ന ആ ആലിന്‍കുഞ്ഞുങ്ങളെ ഊഞ്ഞാലാടി പൊട്ടിച്ചു കളയരുതേ പ്രിയപ്പെട്ടവരേ .... !

നാം മനുഷ്യര്‍ക്ക് മാത്രമല്ല...
ഒട്ടനവധി പറവകളും മറ്റു ജീവികളും ആവാസമാക്കിയതാണിവിടം.

മിണ്ടാപ്രാണികളായ സാധു മൃഗങ്ങള്‍ക്ക് ആശ്വാസമാണീ തണല്‍ .

പാഥേയം മുറുക്കിയ പതികര്‍ക്ക് ഇടത്താവളമാണീ ശീതളിമ .

നമുക്കു വേണ്ടെങ്കില്‍ ... നമ്മുടെ മക്കള്‍ക്കെങ്കിലും നാളെ -
ഈ തണല്‍മരം ഉപകരിക്കും .
അതിനെ , വളരാന്‍ ... കൂടുതല്‍ കൈമരങ്ങള്‍ വേരിറങ്ങി നിലംപറ്റി പുതുതായി ഉത്ഭവിക്കാന്‍ ...
അരുതേ ... അറുക്കരുതേ ഇനിയെങ്കിലും ആ വളര്‍ന്നു വരുന്ന വേരുകളെ .

യാദൃശ്ചികമാവാം ! കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ചില അനുഭവങ്ങള്‍ പോസ്റ്റ്‌ ചെയ്ത കൂട്ടത്തില്‍ ഈ ആല്‍മുത്തശ്ശി യെയും പരാമര്‍ശിച്ചത് , ആ ആല്‍മരത്തോട് എനിക്കുണ്ടായ ഒരാത്മബന്ധം പോലെ !

* ഇന്ന് നമുക്ക് തണലായും കായായും ഫലമായും മറ്റു പലതുമായും ഉപകാരപ്പെടുന്ന ഈ മരങ്ങളില്‍ ഒട്ടു മുക്കാലും ഇന്ന് കാണുന്ന നമ്മളാരും നട്ടു നനച്ച് ഉണ്ടാക്കിയതല്ല.
അവയെ യഥേഷ്ടം ഉപയോഗിക്കുകയും അറിഞ്ഞും അറിയാതെയും ഈ വൃക്ഷങ്ങളെ നശിപ്പിക്കുക്കയുമാണല്ലോ നമ്മള്‍ ചെയ്യുന്നത് !
എങ്കില്‍ നമ്മള്‍ കരുതുന്നുണ്ടോ ... , നമ്മളാണ് ബുദ്ധിമാന്മാര്‍ എന്നും , നമുക്ക് വേണ്ടി ഈ മരങ്ങള്‍ ഇവിടെ നട്ടു നനച്ച് മണ്ണായിപ്പോയവരൊക്കെ വിഡ്ഢികളും ആയിരുന്നെന്ന് !!?
 നാം ഇന്നനുഭവിക്കുന്ന ഈ , ഫല / കായ് / തണല്‍ / തടി - മരങ്ങള്‍ നാളെ നമ്മുടെ പിന്‍ഗാമികള്‍ക്കും ആവശ്യം വരില്ലേ !!?
 എന്താ നമ്മള്‍ ഇതൊന്നും ചിന്തിക്കാത്തത് ?? ! *



https://www.facebook.com/hamza.pullatheel
2013 March 27
സ്ത്രീ - അവളാണ് ധനം ! അവള്‍ തന്നെയാണ് സ്വത്ത് !
ഉമ്മാക്ക് പുലര്‍ച്ചെ കുടിക്കാനുള്ള കഷായക്കുപ്പിയും ഇളം ചൂട് വെള്ളം നിറച്ച ഫ്ലാസ്ക്കും അവരുടെ കട്ടിലിനോട് ചേര്‍ന്ന ജനാലക്കല്‍ കയ്യെത്തും ദൂരത്ത് വെച്ച് ,
സ്ഥാനം തെറ്റിയ കമ്പിളിപ്പുതപ്പ് അവരുടെ കാല്‍പാദങ്ങള്‍ മൂടാന്‍ പാകത്തില്‍ ഒന്നൂടെ വലിച്ചു താഴ്ത്തി -
ലൈറ്റ്‌ ഓഫ് ചെയ്ത് വാതില്‍പ്പാളികള്‍ മെല്ലെ ചാരി -
മുകള്‍ നിലയിലെബെഡ്റൂമില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്‍റെ ചാരെ അവള്‍ ചെന്ന് കിടക്കുമ്പോള്‍ നേരം പാതിരാ കഴിഞ്ഞിട്ടുണ്ടാവും എന്നും !

അന്നും പതിവുപോലെ നിദ്ര തളം കെട്ടിയ കണ്ണുകളുമായി അവള്‍ ബെഡ്ഡില്‍ തളര്‍ന്നു വീണ് - ഒന്ന് മനസ്സറിഞ്ഞ് ഉറങ്ങും മുന്‍പേത്തന്നെ സുബഹി ബാങ്കിന്‍ മന്ത്രനാദം കേട്ട് അവള്‍ ഞെട്ടിയുണര്‍ന്നു - ആ ഗാഡനിദ്രയിലും !

അതാണല്ലോ പതിവും ...

എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് കുളിച്ചു ശുദ്ധിയായി സുബഹി നമ്സകരിച്ച് - പെട്ടെന്ന് അടുക്കളയിലേക്കു ചെന്നു ...

അതിനു മുന്‍പേ നിസ്ക്കാരം കഴിഞ്ഞ് , ഉമ്മറത്തെ അരണ്ട വെളിച്ചത്തിലിരുന്നു ഖുര്‍-ആന്‍ ഓതാന്‍ തുടങ്ങിയിട്ടുണ്ട് ഉമ്മ !
ഉമ്മാക്ക് - ഒരു കട്ടന്‍ ചായ ഉണ്ടാക്കി കൊടുത്തു....

അന്നേരമാണ് ഇളയ കുട്ടി തൊട്ടിലില്‍ കിടന്ന് കരഞ്ഞത്...

ഓടിച്ചെന്ന് അവനെ വാരിയെടുത്ത് -
കുട്ടിക്ക് പാല് കൊടുത്തു - തൊട്ടിലില്‍ത്തന്നെ കിടത്തിയുറക്കി...
വീണ്ടും അടുക്കളയിലേക്ക് പാഞ്ഞു - അവള്‍ !
അപ്പഴേക്കും അടുപ്പിലെ കത്തിക്കൊണ്ടിരുന്ന വിറക് അടുപ്പില്‍നിന്നും മാറി താഴെ വീണ് തീയെല്ലാം കെട്ടിരുന്നു.
വീണ്ടും അതെല്ലാം ഊതിക്കത്തിച്ചു .

മുതിര്‍ന്ന മക്കള്‍ക്ക്‌ രാവിലെ മദ്രസ്സയില്‍ പോകണം..
മദ്രസ്സ വിട്ടാല്‍ അവര്‍ നേരെ സ്കൂളിലേക്കും പോവും .
അതിനു മുന്‍പേ അവര്‍ക്ക് ചായ ഒരുക്കണം .
ഉച്ചക്ക് സ്കൂളില്‍ വെച്ച് കഴിക്കാന്‍ ലഞ്ച് ബോക്സില് ചോറ് - ചട്ണി - ഓരോ പപ്പടം എല്ലാം റെഡിയാക്കി അവരുടെ ബാഗില്‍ വെച്ചു .

അഞ്ചര മണിയോടെ കുട്ടികളെ വിളിച്ചുണര്‍ത്തി -
രണ്ടു പേരേയും കുളിപ്പിച്ച് വസ്ത്രം മാറ്റി ചായ കൊടുത്തു മദ്രസ്സയില്‍ വിട്ടു..
അപ്പോഴേക്കും ഭര്‍ത്താവ് ഉണര്‍ന്നു.
അദ്ദേഹത്തിന് പതിവുള്ള കാപ്പി കൊടുത്തു.
ഏഴു മണിക്ക് ഓഫീസില്‍ പോകണം . അതിനു മുന്‍പേ വിസ്തരിച്ചൊരു ചായ ..
ഉച്ചക്ക് ഊണിനു ലഞ്ച് ബോക്സ് റെഡിയാക്കി മറക്കാതെ അദ്ദേഹത്തിന്‍റെ ബാഗില്‍ വെച്ചു !  അടുക്കളയിലെ അലങ്കോലങ്ങള്‍ എല്ലാം ഒരു വിധം ഒതുക്കി ..

അവള്‍ മുറ്റമടിക്കാനീറങ്ങി....
കുനിഞ്ഞു നിന്ന് ചൂല് മുറ്റത്ത് തൊടീച്ചതേ ള്ളൂ ... ,
അപ്പഴേക്കും മുകളില്‍ നിന്നും ഭര്‍ത്താവിന്‍റെ നീട്ടിയുള്ള വിളി തുടങ്ങി ...

'' .... ഇന്നലെ ഇസ്തിരിയിട്ട എന്‍റെ പാന്‍റ് എവിടാ വെച്ചത്? "

''' .. ദാ .... വന്നൂ .... '''

ചോദ്യം കേള്‍ക്കേണ്ട താമസം - അവള്‍ ഓടിച്ചെന്നു .

ബെഡ് റൂമിലെ അലമാരിയിലെ കണ്ണാടിയില്‍ നോക്കി മുടി ചീകുന്ന അയാളെ ഉന്തി മാറ്റി
ആ അലമാരിക്കകത്തെ ഹാംഗറില്‍ നിന്നും അവളാ പാന്‍റ് എടുത്തു കൊടുത്ത് വീണ്ടും മുറ്റത്തേക്കിറങ്ങി ചൂല് കയ്യിലെടുത്തതേ ള്ളൂ ...

വീണ്ടും വിളി ! , ഒപ്പം ആ സ്ഥിരം പിറു പിറുപ്പും ...

'' നോക്കേ ... ,ന്‍റെ മൊബൈല്‍ ചാര്‍ജര്‍ എവിടെപ്പോയി ...!?
... പണ്ടാറം , ഒന്നും വെച്ചാ വെച്ചിടത്ത് കാണൂല ... നാശം ...
അനക്ക് ഇപ്പം ഒരു ശ്രദ്ധയും ഇല്ലാതായി ...
എനിക്ക് നേരം വൈകുന്നുണ്ട് എന്നറിഞ്ഞൂടേ ? ''

വീണ്ടും ഓടിക്കിതച്ചു മുകളില്‍ ചെന്ന് എല്ലാം എടുത്തു കൊടുത്തു.
അലമാരി തുറന്നാല്‍ പെട്ടെന്നു കാണുന്നിടത്തു തന്നെ ഒരുക്കി വെച്ചിരുന്നു എല്ലാം. പറഞ്ഞിട്ടെന്താ ! എല്ലാത്തിനും അവള്‍ തന്നെ വേണം ...
ഇതും പതിവുള്ള പല്ലവികള്‍ തന്നെയാണല്ലോ .... !!!

ഡ്രസ്സ്‌ ചെയ്ത് താഴെ വന്ന അദ്ദേഹത്തിന് ചായയും കടിയും കൊടുത്തു .
ഉച്ചക്കുള്ള ഊണും ബാഗിലാക്കി കയ്യില്‍ കൊടുത്തു - സന്തോഷത്തോടെ യാത്രയാക്കാന്‍ ഒരുങ്ങിയതാണള്‍ .അദ്ദേഹം പോയിട്ട് വേണം മുറ്റമടിച്ചു തീര്‍ക്കാനും ഉമ്മാക്ക് ചായ എടുത്തു കൊടുക്കാനും . അന്നേരമാതാ വീണ്ടും പരിഭവം - , പരാതി ..... !!

" എടീ അനക്ക് എന്‍റെ ഈ ഷൂ ഒക്കെ ഒന്ന് പൊടിയും മണ്ണും കളഞ്ഞ് പോളിഷ് ചെയ്ത് ,
ആ സോക്സൊക്കെ അതില്‍ എടുത്ത് വെച്ചൂടായിരുന്നോ ഞാന്‍ റെഡിയാവും മുന്‍പ്‌ ?
ഇത്ര വല്യ ഭാരിച്ച പണിയാണോ ഇത് ? കണ്ടറിഞ്ഞ്‌ ഒന്നും ചെയ്യൂല ..ബലാല് ... "
കൂടുതല്‍ പറയിക്കാതെ നിമിഷ നേരം കൊണ്ട് ഷൂവും തുടച്ചു മിനുക്കി പോളിഷ് ചെയ്തു ഭര്‍ത്താവിനെ ഓഫീസിലേക്ക് യാത്രയാക്കി.
ഇനി ഉമ്മാക്ക് ചായയും കടിയും വേണം . അതും എടുത്തു കൊടുത്തു...

അപ്പഴാണ് മറന്ന ഒരു സംഗതി ഓര്‍മ്മ വന്നത് !
ചൂല് മുറ്റത്ത് തന്നെ ഇട്ടിട്ടാണല്ലോ അകത്തേക്കോടിയത് - അത് പൂര്‍ത്തിയാക്കിയില്ലല്ലോ എന്നോര്‍ത്തത് !

വീണ്ടും മുറ്റമടിക്കാനിറങ്ങി.

അത് കഴിഞ്ഞു വീടാകെ അടിച്ചു തൂത്തുവാരി തുടച്ചു വൃത്തിയാക്കി പാത്രങ്ങളെല്ലാം കഴുകി വെച്ച് , പുറത്തെ ബാത്ത്റൂം കഴുകി...
ഒപ്പം തലേന്ന് വെള്ളത്തിലിട്ട് പൊതിര്‍ത്തി വെച്ച വസ്ത്രങ്ങള് അലക്കി...അതെല്ലാം കൊണ്ടുപോയി തൊടിയിലെ അഴയില്‍ ഉണങ്ങാന്‍ വേണ്ടി തോരയിട്ടു ...

ഹോ ... , ഊരയ്ക്ക് വല്ലാത്ത വേദന..., തലയ്ക്ക് ഒരു കറക്കം പോലെ !
കണ്ണിലാകെയൊരു ഇരുട്ട് .....
അപ്പഴാണ് ഓര്‍ത്തതവള്‍ സ്വയം: ' ഞാന്‍ ഇനിയും ചായ കുടിച്ചിട്ടില്ലല്ലോ- എന്നത് !

അടുക്കളയില്‍ ചെന്ന് , തണുത്താറിയ ചായയെടുത്തു കുടിക്കുമ്പോള്‍ വാതില്‍ക്കല്‍ ഉമ്മയുടെ മുഖം കണ്ടു .

''ഇപ്പൊ ചായ കുടിക്കുന്നെ ഉള്ളൂ ഇയ്യ് .... !? ...

( അവര്‍ നെറ്റി ചുളിച്ച് അവളെയൊന്നു നോക്കി... , എന്നിട്ട് തുടര്‍ന്നു.....

... ഇത് വരെ എന്തായിരുന്നു പെമ്പറന്നോളേ അനക്ക് പണി !?.
ങ .. ങ .. ങാ ... , ഇയ്യ് ആള് തരക്കട്‌ ഇല്ലല്ലാ !
ഇനി എപ്പളാ ഉച്ചക്കത്തെ ചോറും ചാറും ആകല് !?
... ന്തായാലും കുളിച്ചാന്‍ എനിക്ക് കൊറച്ചു ചൂടുവെള്ളം മാണം .
അത് മറക്കണ്ടാ ... "
 

അവര്‍ക്ക് പെട്ടെന്ന് വെള്ളം ചൂടാക്കി കൊണ്ടുപോയി കുളി മുറിയിലെ ചെമ്പില്‍ ഒഴിച്ചു കൊടുത്തു.
അപ്പോഴാണ് പോന്നു മോന്‍റെ കരച്ചില്‍ !
വേഗം ചെന്നില്ലെങ്കില്‍ അവന്‍ തൊട്ടിലില്‍ നിന്നും നിരങ്ങി നീങ്ങി താഴെ വീഴും.
പിന്നെ അത് മതി ഇന്നത്തെ ദിവസം അലങ്കോലമാവാന്‍ ....

അവനെ എടുത്തു കരച്ചിലടക്കി .
കുളിപ്പിച്ചു ട്രൌസറും കുപ്പായവും ധരിപ്പിച്ച് , പാല് കൊടുത്ത് , അവന്‍റെ മുഖത്ത് പാല്‍പ്പുഞ്ചിരി വരുത്തി ... നെറ്റിയിലൊരു മുത്തം കൊടുത്ത് ...
ഒന്ന് മുറ്റത്തേക്കിറങ്ങി -

ഉള്ളിലൊരാന്തല്‍ .... !
സമയം 12 മണിയോടടുക്കുന്നു ... ! റബ്ബേ ..., ഉച്ചക്ക് ഉള്ള ചോറ് ആയിട്ടില്ല..

കുഞ്ഞിനേയും ഒക്കത്ത് വെച്ച് വീണ്ടും അടുക്കളയിലേക്ക് പാഞ്ഞു ... !

ഒന്നര മണിയോടെ കുളിയും നിസ്ക്കാരവും കഴിഞ്ഞ് ഉമ്മയും വന്നു..

" എന്താ ഡീ ! .... ഇത്റ് വരെ ചോറ് ആയില്ലേ ? "

''' ദാ .... ഉമ്മ അവിടെ ഇരുന്നോളീം . ഇപ്പം തരാം ... ഇതൊന്നു തിളച്ചാട്ടെ .... '''

അവള്‍ അടുപ്പിലെ വിറകു കൊള്ളി ഒന്നൂടെ ഇളക്കിയൂതി ...

വെള്ളരി കൊണ്ട് കറിയും , ഉപ്പേരി, മീന്‍ പൊരിച്ചത്, പപ്പടം...
എല്ലാം റെഡിയാക്കി ഉമ്മാക്ക് ചോറും വിളമ്പിക്കൊടുത്തു.

മണി രണ്ടു കഴിയുന്നു !

ഹൌ ... വല്ലാത്ത ക്ഷീണം . ഊര വേദനയും ഉണ്ട് കുറേശ്ശെ ... ഒന്ന് കിടക്കണമെന്നുണ്ട് . മുകളില്‍ ചെന്ന് മോനെ തൊട്ടിലില്‍ കിടത്തി .. ആട്ടിയുറക്കി ... ! അവന്‍റെ കണ്ണ് മാളി വരുന്നെന്നു തോന്നിയ ഉടന്‍ -
ബാത് റൂമില്‍ പോയി ' വുളു ' എടുത്ത് നിസ്ക്കാരവും പൂര്‍ത്തിയാക്കിയപ്പഴേക്കും മണി മൂന്ന് .

കുട്ടികള്‍ രണ്ടാളും നാല് മണിക്ക് സ്കൂളില്‍ നിന്നും വരും.
അപ്പോഴേക്കും അവര്‍ക്കു വേണ്ടുന്ന ചായ, കടി .. എല്ലാം റെഡിയാക്കണം...
തനിക്കാണെങ്കില്‍ വിശന്ന് വയറു കാളുന്നുണ്ട് ....

കോവണി ഓടിയിറങ്ങി അടുക്കളയില്‍ ചെന്ന് ഇത്തിരി ചോറെടുത്ത് ആ പ്ലേറ്റില്‍ തന്നെ ഇത്തിരി കറിയും പാര്‍ന്നു - നിന്ന നില്‍പ്പില്‍ വേഗം അത് വാരിത്തിന്നു .

അടുപ്പ് കത്തിച്ച് വീണ്ടും ചായക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

കുട്ടികള്‍ എത്തി !
അവരെ കുളിപ്പിച്ചു , ചായയും കടിയും കൊടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വിട്ടു അയല്‍പക്കത്തേക്ക് ...

അഴയിലെ ഉണങ്ങിയ വസ്ത്രങ്ങള്‍ വാരിയെടുത്ത് അകത്ത് വെച്ച് .... കുട്ടികളുടെ മാറ്റിയിട്ട യൂണിഫോമുകള്‍ കഴുകാന്‍ വേണ്ടി ബക്കറ്റില്‍ ഇട്ട് ...
കോഴികളെയൊക്കെ കൂട്ടിനകത്താക്കി പുറത്തെ ഓടാമ്പലിട്ട് ... കോഴിക്കൂടിന്‍റെ വാതിലില്‍ ഒരു കല്ലും ചാരി വെച്ചു .
രാത്രിയില്‍ വല്ല കുറുക്കനോ മറ്റോ വന്നാലോ....

നേരം ഇരുട്ടിത്തുടങ്ങി .... !
സന്ധ്യാ നേരത്ത് കുട്ടികളെ ഒപ്പമിരുത്തി പഠിപ്പികണം. ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണം . സ്കൂളില് നിന്നും ക്ലാസ്‌ ടീച്ചര്‍ എഴുതി വിട്ട നോട്ടുകള്‍ക്ക് മറുപടി എഴുതണം ....
നാളേക്കുള്ള ബുക്കുകള്‍ ബാഗില്‍ എടുത്ത് വെപ്പിക്കണം ...
ബദ്ധപ്പെട്ട് അതെല്ലാം തീര്‍ത്തപ്പോഴേക്കും മണി എട്ടേ കാല്‍ !

അദ്ദേഹം വന്നെന്നു തോന്നുന്നു ... ! - അതാ ആക്രോശം കേള്‍ക്കാം ... !!

'' ഡീ ... നീ എവടെപ്പോയി കെടക്ക്വാ ... !?
ഈ കൊലായിമ്മല് നിറയെ കോഴിക്കാട്ടം ആണല്ലോ !?
ഇതൊന്നും കാണാനുള്ള കണ്ണ് ല്ലേ നിനക്ക് .. !? -
നിനക്കൊക്കെ എന്താ ത്ര മല മറിക്കുന്ന പണി ഇവടെ !?
ആരെങ്കിലും വീട്ടില് വന്ന് കേറിയാ .... എന്തിനു നന്ന് !? ...
ഛെ ... ... ,
ഉമ്മറത്ത് നിറയെ കോഴിക്കാട്ടവും ഒണങ്ങിപ്പിടിച്ച് ... ങേ.... !!? ''

ഒന്നും മിണ്ടാതെ പുഞ്ചിരിച്ച് ഭര്‍ത്താവിനു വേണ്ടി കരുതി വെച്ച ചായയും പലഹാരങ്ങളും എല്ലാം എടുത്തു കൊടുത്തു.
ശ്വാസം പിടിച്ച് ഓടിച്ചെന്ന് ഉമ്മറം വൃത്തിയാക്കി ... -

അപ്പഴതാ വീണ്ടും അദ്ദേഹത്തിന്‍റെ വിളി :

''എടീ .... , ആ മുണ്ടും സോപ്പും ഇങ്ങെടുക്ക് -
മേലൊന്നു കഴുകട്ടെ .. എങ്കിലേ ഒരു ഉഷാറു ണ്ടാവൂ ... ''

''' അത്.... ആ കുളി മുറീല് ...ണ്ട് ..''' - ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു .

'' ന്നാലും അനക്ക് അതൊന്ന് എടുത്ത് തന്നൂട - ല്ലേ ..? ! ''

മടി കൂടാതെ ചെന്ന് അതും എടുത്തു കയ്യില്‍ കൊടുത്തു ....

കുളി കഴിഞ്ഞു വസ്ത്രം മാറി വന്ന അയാള് , തൊട്ടിലില്‍ ഉണര്‍ന്നു കിടന്ന് കയ്യും കാലും കുടഞ്ഞ് ചിരിക്കുന്ന കുട്ടിയെ ഒന്ന് കൊഞ്ചിക്കാന്‍ എടുത്തപ്പോള്‍ കുട്ടിയാകെ മൂത്രത്തില്‍ നനഞ്ഞിട്ടുണ്ട് .... !

അത് കണ്ടതും , ഒരട്ടഹാസമായിരുന്നു അയാള്‍ .

'' നിനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ ത്ര പണി പണി ?!!
.. ങേ ..?! ...
എന്‍റെ കുട്ട്യോളെ ശ്രദ്ധിക്കാന്‍ പോലും നിനക്കിപ്പോ സമയം ഇല്ലാതായി ല്ലേ .. ?
എന്‍റെ സ്വഭാവം ശെരിക്കും നിനക്കറിഞ്ഞൂട ഇത് വരെ..... ''

പാതിയായ പണികള്‍ ഇട്ടെറിഞ്ഞ്‌ മുകളില്‍ ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് അവനെ ശുചിയാക്കി ... താഴെ അവന്‍റെ വല്ലിമ്മ കിടക്കുന്ന മുറിയില്‍ കൊണ്ടുവന്ന് .... ഒരു കിലുക്കാം പെട്ടിയും അവന്‍റെ കയ്യില്‍ കൊടുത്ത് , നിലത്തൊരു ഷാള്‍ വിരിച്ച് അതില്‍ക്കിടത്തി ... വല്ലിമ്മയെ നോക്കാനും ഏല്‍പ്പിച്ചു.

ആ വൃദ്ധ അത് കേട്ടോ - എന്തോ ..... !!!!!!!!!!!!!

എന്തായാലും ഉമ്മയുടെ മനസ്സറിഞ്ഞ പോലെ ... - അവന്‍ പിന്നെ കരഞ്ഞില്ല....
ഉമ്മ പോവുന്ന പോക്കില്‍ അവന്‍ കയ്യില്‍ മുറുക്കിപ്പിടിച്ച കിലുക്കാം പെട്ടിയൊന്നു കുടഞ്ഞ് .. ചെറുതായി തല ചെരിച്ച് ഉമ്മയെ ഒന്ന് നോക്കീ എന്ന് മാത്രം !

രാത്രി ഭക്ഷണം ഇത് വരെ പാചകം ചെയ്ത് ആയിട്ടില്ല...

ഭര്‍ത്താവിനു ചപ്പാത്തീം ചെറുപയറും ...

ഉമ്മാക്ക് കഞ്ഞീം പപ്പടം ചുട്ടതും വെളുത്തുള്ളി അച്ചാറും ... ,
മക്കള്‍ക്ക് മീനും ചോറും കോഴി മുട്ട പൊരിച്ചതും ...
എല്ലാം റെഡിയാക്കി പെട്ടെന്ന് .... ,
ഒരു യന്ത്രം കണക്കെ ... !

ചുമരിലെ വലിയ ക്ലോക്കില്‍ മണി പത്തടിച്ചു .
എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ച ശേഷം എണീറ്റ് കൈ കഴുകി ,
മക്കളും ഭര്‍ത്താവും അദ്ദേഹത്തിന്‍റെ ഉമ്മയും കിടക്കാന്‍ പോയി ...

അവള്‍ പാത്രങ്ങളെല്ലാം കഴുകി മോറി റാക്കില്‍ കമഴ്ത്തി വെച്ചു.
നാളെ രാവിലെ ചായക്കുള്ള വെള്ളപ്പത്തിന് പച്ചരി വെള്ളത്തിട്ട് ..
വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായടച്ചു ...

ഉമ്മാക്കുള്ള മരുന്നു കുപ്പിയും ചൂട് വെള്ളവും മറക്കാതെ ജനല്‍പ്പടിയില്‍ വെച്ച് ... പുതപ്പ് കൊണ്ട് അവരെ ഒന്നൂടെ നല്ല വണ്ണം പുതപ്പിച്ച് ... അവരുടെ ഉറക്കത്തിന് ഭംഗം വരാതെ ..... കര കരപ്പുള്ള ആ വാതിലും പതുക്കെ ചാരി ...
കിടക്കാന്‍ റൂമിലെത്തിയപ്പോള്‍ ....
മണി പതിനൊന്നരയും കഴിഞ്ഞു !.

ചെന്നപ്പോള്‍ പൊന്നുമോന്‍ ഉറങ്ങിയിട്ടില്ല .
അവന്‍ തൊട്ടിലില്‍ കിടന്ന് .. ' ...ള്ളെ ..ളെ ..ളേ ... ഗ്ര്‍ ..ര്‍ര്‍ ... ' ചിരിക്കുകയാണ്.

വല്ല മാലാഖമാരെയും അവനു കാണാന്‍ പറ്റുന്നുണ്ടാവണം ..!!!

ചിരി തൊണ്ടയില്‍ തടഞ്ഞ് ചിലപ്പോളവന്‍ തുമ്മുന്നുമുണ്ട്.
എന്നിട്ട് വീണ്ടും എങ്ങോട്ടോ നോക്കി കണ്‍മണികള്‍ ചലിപ്പിച്ച് അവന്‍ ചിരി തന്നെ.
നല്ല പൊട്ടിച്ചിരി .....

കുഞ്ഞുങ്ങള്‍ക്ക്‌ മാലാഖമാരെ കാണാന്‍ പറ്റും എന്ന് പണ്ട് അവളുടെ വല്ലിമ്മ അവളോട്‌ പറഞ്ഞത് അന്നേരം അവള്‍ക്കോര്‍മ്മ വന്നു....
അന്ന് കേട്ട ആ വാക്കുകളുടെ ഓര്‍മ്മയില്‍ അറിയാതെ അവളുമൊന്നു നോക്കിപ്പോയി - അവന്‍റെ ദൃഷ്ടി ചെന്ന ഭാഗത്തേക്ക്....

അതാ .... ജനല്‍ കര്‍ട്ടന്‍ പതിയെ ഇളകുന്നു ... ,
ആരോ അതിലൂടെ ഊര്‍ന്നു പോയ പോലെ ...

അയാള്‍ അവളെത്തന്നെ നോക്കി കട്ടിലില്‍ കിടപ്പാണ് - അക്ഷമനായി ....

അവളും കുട്ടിയെ കുറച്ചു നേരം കളിപ്പിച്ചു...
അവനെ ഉറക്കി - ഒരു വാടിയ തണ്ടുപോലെ അവളും കിടന്നു ...

ഇപ്പോള്‍ ഭര്‍ത്താവ് തളര്‍ന്നുറങ്ങുകയാണ് ! ...
അടുത്ത മുറയില്‍ നിന്നും മക്കളുടെ താളാല്‍മകമായ നേരിയ കൂര്‍ക്കം വലി കേള്‍ക്കാം രാത്രിയുടെ ആ നിശബ്ദതയില്‍ !
ഫാന്‍ ഇത്തിരി സ്പീഡ്‌ കൂട്ടി .... തലയണയില്‍ മുഖം ചെരിച്ചു വെച്ച് അവളും ഗാഡമായ നിദ്രയിലേക്ക് വഴുതി വീണു !....

വീണ്ടും മാലാഖമാരെ കണ്ടിട്ടോ എന്തോ ... ,
ഇടയ്ക്ക് മോന്‍ തൊട്ടിലില്‍ക്കിടന്നു സങ്കടപ്പെട്ട് കരയുന്നപോലെയുള്ള ഒച്ച കേട്ട് അയാള്‍ അവളെ തട്ടി വിളിക്കുന്നുണ്ട് !

ഒപ്പം ഉറക്കപ്പിച്ചില്‍ ഒരു ശാസന പോലെ പറയുന്നുമുണ്ട് അയാള്‍ ....
ഒരു അശരീരി പോലെ
" ....ടീ....കുട്ടി കരയുന്നു. ചത്ത പോത്ത് പോലെ കെടന്ന് ഒറങ്ങ്യാ മതി...
അനക്ക് അതിനെ ഒന്ന് നോക്കി ആ കരച്ചിലടക്കിയാല് എന്താ .....
മറ്റുള്ളോരെ ഒറങ്ങാനും സമ്മതിക്കില്ല.... പകല് വേറെ പണി ഒന്നും ഇല്ലല്ലോ നിനക്ക് ! സുഖമായി ഒറങ്ങിക്കൂടെ ....? ''

അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതീ എന്ന് തോന്നുന്നു...

ഏതു ഉറക്കവും പൊന്നു മോന്‍റെ കരച്ചിലിനേക്കാള്‍ മീതെയല്ല.
ഉറക്കച്ചടവോടെ അവള്‍ എണീറ്റിരുന്ന് തൊട്ടില്‍ കയറുകള്‍ പിടിച്ച് ആ പിഞ്ചു മോനെ ആട്ടിയുറക്കുകയാണ് .
കൂടെ ഒരു മൂളിപ്പാട്ടു പോലെ ഈണത്തിലൊരു താരാട്ടും !

അപ്പോഴും അവളുടെ ശ്രദ്ധ മുഴുവന്‍ അരികില്‍ സുഖമായി കിടന്നുറങ്ങുന്ന ഭര്‍ത്താവിന്‍റെ നിദ്രയ്ക്ക് ഭംഗം വരരുതേ എന്നതിലായിരുന്നു ...

കാരണം , അവളൊരു സ്ത്രീയാണ് . ഒരു പാവം പെണ്ണ് .

പേടിയാണവള്‍ക്ക് - ഇതൊക്കെ ചെയ്തു കൊടുത്തിട്ടും തന്നെ തള്ളിപ്പറയുമോ -
കഞ്ഞിയില്‍ പൂഴി വാരിയിടുമോ ... എന്നെല്ലാമോര്‍ത്തിട്ട് ......

വീണ്ടും നാളെ രാവിലെ - എന്ന് വെച്ചാല്‍ നേരം പുലരും മുന്‍പേ തുടങ്ങും അവളുടെ അടുത്ത ദിവസത്തെ കുടുംബ ജീവിത യാത്ര ...
മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്തും സ്നേഹമുള്ള ഭാര്യയാവാന്‍ കൊതിച്ചും ...... !
..............................
Hamza Pullatheel Karimbil
2014 Jan 04 നു - ഫേസ്ബുക്കില്‍ എഴുതിയത് .

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

ആള്‍ ദൈവങ്ങള്‍ ഉണ്ടാവുന്നത് ... !

കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടത്ത് മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങള്‍ക്കു പിറകെ - കൈയ്യിലൊരു കൊട്ടയുമേന്തി ചാണകം പെറുക്കി നടക്കലായിരുന്നു അവള്‍ക്ക് പണി .
സൂര്യന്‍റെ ചോട്ടില് പകലന്തിയോളം വെയിലും കൊണ്ട് നടന്നത് കൊണ്ടാവാം പൊതുവേ കറുത്ത മേനിയുള്ള അവള്‍ക്ക്
ശെരിക്കും ചാണകത്തിന്‍റെ നിറം കൈവന്നത് .

ആളൊഴിഞ്ഞ് ആരവങ്ങളില്ലാതായ ആ പാടത്ത് -
ഇരു വശവും പൊന്തകള്‍ വളര്‍ന്ന തോട്ടുവരമ്പിലെ കാട്ടുചെടികളില്‍ ശക്തിയില്‍ വീശി ഇക്കിളിയൂട്ടുന്ന മേടക്കാറ്റിന്‍റെ മര്‍മ്മരം പലപ്പോഴും നിശ്ശബ്ദതയെ ഇല്ലാതാക്കുന്നുണ്ട് !

അലപം അകലെയായി നോക്കെത്താവുന്ന ദൂരത്ത്‌
കാലികളെ മേക്കാന്‍ വന്ന പൊടിമീശ മുളച്ച
കുരുത്തം കെട്ട രണ്ടുമൂന്ന്‌ പീക്കിരിപ്പിള്ളേര്‍ കൊറ്റികളുടെ
പിറകെയോടി അവയെ വടിയെറിഞ്ഞു പിടിക്കാന്‍ പാഴ്ശ്രമം നടത്തുകയാണെന്ന് തോന്നുന്നു. ഇടയ്ക്കൊക്കെ അവരുടെ ആര്‍പ്പുവിളികളും കാറ്റിന്‍റെ അലകല്‍ക്കൊപ്പം കേള്‍ക്കാം .

അങ്ങനെ ഓടിയോടി വരമ്പുകള്‍ താണ്ടി ഒരിക്കല്‍ ആ പിള്ളേര്‍
കുനിഞ്ഞു നിന്ന് ചാണകം പെറുക്കുന്ന അവളെയും കടന്നു പോയി.

അവര്‍ പോയപ്പോള്‍ അവള്‍ക്ക് ബീഡിച്ചൂര് മൂക്കിലടിച്ചു .

ബീഡിയുടെ മണത്തെ പിടിച്ചെടുക്കാനെന്നോണം മൂക്ക് ഒന്നൂടെ നന്നാക്കി വിടര്‍ത്തി നിവര്‍ന്നു നിന്ന് അവള്‍ ആ പിള്ളേരെയൊന്ന് തിരിഞ്ഞു നോക്കി.
അവര്‍ അവളെയും !

നിത്യക്കാഴ്ച്ചയിലെ പരിചയം പിന്നീടവരെ പരസ്പരം പലതും പഠിപ്പിച്ചു കാണണം !

അവര്‍ അവള്‍ക്ക് ചുരുട്ടിയ ബീഡികള്‍ കത്തിച്ച് കൊടുത്തു അവളെക്കൊണ്ട് വലിപ്പിച്ചു.
പകരം അവള്‍ അവരെ നല്ലപോലെ വെത്തില മുറുക്കിത്തുപ്പാന്‍ പഠിപ്പിച്ചു .

വെയില്‍ ചായുന്ന നേരം നോക്കി പല നാളും അവര്‍ അവളെ തോട്ടിലിറക്കി ആ കറുത്ത മേനിയിലെ ചാണക മണം കളയിച്ചു . പിന്നീടവര്‍ അവളോടൊത്ത് തോട്ടുവരമ്പിലെ പൊന്തകളില്‍ ഒളിച്ചു. അപ്പോള്‍ ചാണകം പറ്റിപ്പിടിച്ച അവളുടെ ചേല ചുരുട്ടിക്കൂട്ടി പൊന്തകളുടെ അടിയില്‍ സൂക്ഷിച്ചു ... !

പിന്നീടുള്ള പല നാളുകളില്‍ അവള്‍ക്ക് കിട്ടിയ ബീഡിക്കുള്ളില്‍ പോലക്ക് പകരം ഏതോ ചെടിയുടെ ഇലകളും പൂവുകളും ആയിരുന്നു. ആ ലഹരിയില്‍ മതി മറന്ന് തോട്ടുവക്കിലെ പൊന്തയില്‍ മറഞ്ഞ് - മലര്‍ന്നു കിടന്ന അവള്‍ക്ക് പിള്ളാരുടെ എണ്ണം കൂടിയത് പ്രയാസമായില്ല .

പെട്ടെന്നൊരു ദിനം അവളില്‍ ദിവ്യ ശക്തി കണ്ടു പലരും !

അവള്‍ ' അമ്മ ' യാവുകയാണ് . അതെ ! ഈശ്വരിയമ്മ !

പരസ്പര വിരുദ്ധമായി പറഞ്ഞ് പൊട്ടിച്ചിരിയായിരുന്നു തുടക്കം !
ചില വാക്കുകള്‍ ആരോടെന്നില്ലാതെ അവള്‍ പറഞ്ഞത് -
കേട്ടവര്‍ക്ക് അതൊട്ടു മനസ്സിലായതുമില്ല.

പക്ഷേ - അസൂയാലുക്കള്‍ പറഞ്ഞു : - അത് കഞ്ചാവാണെന്ന് .

ചിലപ്പോള്‍ അഗാധ മൌനം പൂണ്ടു അവള്‍ .

അസൂയാലുക്കള്‍ അപ്പോഴും വന്നു .
അവര്‍ പറഞ്ഞു : - അത് , കഞ്ചാവ് കിട്ടാഞ്ഞിട്ടാണെന്ന് !
................ ................. .................
ഇന്ന് അവളാണ് ആ നാട്ടിലെ കണ്‍കണ്ട ദൈവം !

ഭക്ത ജനങ്ങള്‍ അവള്‍ക്ക് പേരിട്ടു : ' ദേവി ചാണകാനന്ദിനി '.

പുതിയ പര്‍ണ്ണ ശാലയിലെ പള്ളി കൊള്ളല്‍ കാരണമാവാം - പഴയ ആ ചാണക നിറം കുറേശ്ശെ മാറി 'ചാണകാനന്ദിനി ' ആളൊരു എണ്ണമയിലിയാണിപ്പോള്‍

അന്നത്തെ ആ കാലി മേച്ചിരുന്ന പിള്ളാരാണ് ഇന്നവളുടെ അംഗ രക്ഷകര്‍ .
അവരാണ് അവള്‍ക്ക് ഇന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതും , കൂടെ ഭരണിയിലാക്കി ' കറുപ്പു വിതരണവും ' !
കാരണം , പണ്ടത്തെപ്പോലെയല്ല - അവരുടെ ശൃംഘല അതി വിശാലമാണിന്ന് .

ഈ ' കറുപ്പ് ' , കട്ടന്‍ ചായയില്‍ കലര്‍ത്തിയതാണ് അവിടുത്തെ തീര്‍ത്ഥം !
ഒരു തരം ദൈവീക ജലം .... ! അതിലാണ് ഭക്ത ജനങ്ങളുടെ സായൂജ്യവും .

പക്ഷേ, പണ്ട് അവര്‍ ചവച്ചു തുപ്പിയ ' അവളെയല്ല ' -
നമ്മുടെ ഇന്നത്തെ ആ ദേവിയെയല്ല - ഇന്നവര്‍ക്ക് വേണ്ടത് .
പകരം , ചാണകാനന്ദിനിയെ സേവിക്കാനും കാത്തുകെട്ടിക്കിടന്ന് വല്ലപ്പോഴും കിട്ടുന്ന ഒരു ദര്‍ശനത്തിനും കൊതിച്ച് ആ പര്‍ണ്ണശാലയില്‍ തമ്പടിച്ച തരുണികളെയാണ് .
ആ തരുണികള്‍ക്ക് ' ദേവി ... നന്ദിനി ' വക ദിവസം മൂന്ന് നേരം ചവച്ചിറക്കാന്‍ പൂജിച്ച കുങ്കുമപ്പൂവ് പ്രസാദമായും അവിടന്ന് നല്‍കും !

ആ പ്രസാദം ചവച്ചിറക്കിയാല്‍ പിന്നീടവര്‍ക്ക്‌ പോവാന്‍ മനസ്സു വരില്ല.

അപ്പഴും അസൂയാലുക്കള് പറയും : ആ കുങ്കുമപ്പൂക്കളില്‍ മയക്കു മരുന്ന് ചേര്‍ത്തിട്ടുണ്ടെന്ന് !

അതോടൊപ്പം 'ചാണകാനന്ദിനിക്ക് ' ലഹരി അമരാന്‍ - 

സ്വര്‍ഗ്ഗീയാനന്ദം കൈവരാന്‍ വിദേശ സായിപ്പുമാരെ ഏര്‍പ്പാടാക്കുന്നതും 
ആ അംഗ രക്ഷകരാണ് .

പണ്ട് പാടത്ത് വെച്ച് .... ബീഡിക്ക് പകരം വെത്തില കൊടുത്ത പോലെ ... , 

ഒരു പരസ്പര സഹകരണം !
അതോടൊപ്പം കോടികളുടെ ബിസിനസ്സും , ചില ' സീ ഡീ ' വില്‍പ്പനയും !

പ്രയാസങ്ങള്‍ ഏറ്റു പറഞ്ഞ് പരിഹാരം തേടി ദര്‍ശനം കൊതിച്ച് കാത്തിരിക്കുന്ന ഭക്ത ശിരോമണികള്‍ക്ക് ചില നാളുകളില്‍ ' ചാണകാനന്ദിനിയെ ' കാണാന്‍ കഴിയില്ല.

അതിനും അസൂയാലുക്കള്‍ പറയും :
വെള്ള പോക്ക് സഹിക്കാന്‍ കഴിയാതെ അകലെ ഏതോ ആശുപത്രിയില്‍ ചികില്‍സ തേടി പോയിരിക്കുകയാണത്രേ ' ചാണകാനന്ദിനി ' !

പക്ഷേ, ഭക്തര്‍ അതൊന്നും വിശ്വസിക്കില്ല !

'' ഹേയ് , ദൈവത്തിന് വെള്ള പോക്കോ ... !!? അതുണ്ടാവില്ല.

( സ്വന്തം ശരീരത്തിലെ ഈ അസുഖം മാറ്റാന്‍ പറ്റാത്ത അവരാണ് - വരുന്നവരുടെ മാറാ വ്യാധികളെ അനുഗ്രഹിച്ച് സുഖപ്പെടുത്തുന്നത് )
........................ ...................... ......................
നാട്ടുകാരെ മുഴുന്‍ പറ്റിച്ച് - ശീട്ടും കളിച്ച് - മറ്റു പല പല വെടക്കത്തരങ്ങളും ചെയ്ത് - കടത്തില്‍ മുങ്ങി - പിന്നീട് നില്‍ക്കക്കള്ളിയില്ലാതെ സ്വന്തം നാട്ടില്‍ നിന്നും
പാടേ തടി തപ്പി , ഒടുവില്‍ , നീളന്‍ കുപ്പായവും ധരിച്ച് - പച്ച ഷാളും പുതച്ച് - തലയില്‍ വലിയൊരു കെട്ടും കെട്ടി - കഴുത്തിലൊരു കല്ലുമാലയും കൈയ്യിലൊരു ജപ മലയും തൂക്കി - താടിയും നീട്ടി - ' മുരീദന്‍മാരായ ' ശിങ്കിടികളുടെ അകമ്പടിയോടെ എവടെയെങ്കിലും വീട് തരപ്പെടുത്തി പ്രത്യക്ഷപ്പെടുന്ന ചില ' ഉപ്പാപ്പമാര്‍ ...' !

അതും ... , ' തങ്ങളുപ്പാപ്പമാര്‍ എന്ന പേരില്‍ ' ... !

ആള് തീക്കൊള്ളി . അപാരമായ കറാമത്ത് . എന്തിനും ഏതിനും പ്രതിവിധി !
ദര്‍ശനം കിട്ടാന്‍ വല്ലാത്ത പാടാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യണം.
ഇതാണ് പ്രചരണം

കരിക്ക് , കോഴിമുട്ട , പൂവന്‍ കോഴി , വെള്ളിത്തകിട് ,
ചെമ്പ് തകിട് .... ഇതിലാണ് ' പണി ' !

സ്വര്‍ണ്ണ ബിസ്ക്കറ്റ് , സ്വര്‍ണ്ണ നാണയം , റാഡോ വാച്ച് .... പ്രതിഫലമായി
അതൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ' ഉര്‍പ്യ ' സ്വീകരിക്കും .
സുബഹി നിസ്ക്കാരം കഴിഞ്ഞ് താന്‍ വിശ്വസിക്കുന്ന പടച്ചവനോട്‌ ഒന്ന് ദുആ ഇരക്കാന്‍ പോലും നേരം കളയാതെ പെട്ടെന്ന് പുറപ്പെട്ട് ചെല്ലണം .
എങ്കിലേ 'ടോക്കണ്‍ ' കിട്ട്വോള്ളൂ - ഉപ്പാപ്പാനെ ഒന്ന് കാണാന്‍ !

( മുന്‍പ്‌ കള്ളക്കടത്തായിരുന്നു പണി . ആ ഓര്‍മ്മയിലാണ് ഇപ്പോഴും റാഡോ വാച്ചും സ്വര്‍ണ്ണ ബിസ്ക്കറ്റും മറ്റും ... സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നത് . പിന്നെ ചെമ്പ് തകിടും വെള്ളിത്തകിടും നാള്‍ക്കുനാള്‍ വിലയും വര്‍ദ്ധിക്കുകയാണല്ലോ .
എവിടെയും ആ തകിടുകള്‍ വിറ്റ് കാശാക്കാം )

ഇവിടെയുമുണ്ട് അസൂയ മൂത്തവര്‍ !
അവര്‍ പറയും : പാതിരാത്രി ആഡംബര കാറുകളില്‍ വരുന്നവര്‍ പെണ്‍കുട്ടികളെ പര്‍ദ്ദയിട്ട് കൊണ്ട് വരുന്നുണ്ടവിടെ എന്ന്. ഉഴിയാനാണത്രേ ...!

അത് മാത്രമല്ല ! പകലില്‍ കൊടുക്കുന്ന കോഴികള്‍ രാത്രിയില്‍ വരുന്നവര്‍ക്ക് ചിക്കന്‍ മസാലയായും , മുട്ടകള്‍ പുഴുങ്ങാനും , കരിക്കിന്‍ വെള്ളം - ബ്രാണ്ടികള്‍ നേര്‍പ്പിക്കാനും ആണെന്ന്. എന്നാപ്പിന്നെ സോഡ വേണ്ടല്ലോ ...

അത് പിന്നെ ആര്‍ക്കാ അറിയാത്തത് !!? ഇതൊക്കെ സേവിക്കേണ്ടി വരും ...

പാതിരാത്രി മുഴുവന്‍ പെണ്‍കുട്ടികളെ ഉഴിഞ്ഞ് ദിവ്യ ചികിത്സ നല്‍കിയാല്‍ ആര്‍ക്കായാലും ക്ഷീണം കാണില്ലേ ...!!

പക്ഷേ , ആഡംബര കാറുകളില്‍ മാത്രം വന്ന് ' രാത്രിയിലെ ഉഴിച്ചില്‍ '!!? -
അത് ദൈവീകമായിരിക്കാനാണ് സാധ്യത !
എങ്കിലും , എല്ലാ രോഗങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിവിധി കാണുന്ന ഈ ദിവ്യന്
സ്വന്തം ' മൂലക്കുരു 'വിന് ചികില്‍സിക്കാന്‍ ഡോക്റ്ററെ കാണണം !

അപ്പോള്‍ ... ദൈവത്തിന് ' മൂലക്കുരു ' !

( സ്വന്തം മൂലക്കുരു ചികില്‍സിച്ചു മാറ്റാന്‍ പറ്റാത്ത ഇയാളാണ് - അനുഗ്രഹം തേടി വരുന്ന പെണ്ണുങ്ങളുടെ വയറ്റിലെ മുഴ ദിവ്യ ശക്തിയാല്‍ സുഖപ്പെടുത്തുന്നത് )
................. ................ ............... ...............
' മൊയ്ല്യാര് ' നിങ്ങള്‍ വിജാരിച്ച ആളല്ല.
ചത്ത കോഴീനെ ചുട്ടു പറപ്പിച്ച ആളാണ് മൂപ്പര്.
മൂപ്പരെ കൈയ്യിമ്മല്‍ ഒതുങ്ങാത്ത ഒരു ജിന്നും ചെയ്ത്താനും ഭൂമീല് ഒരിടത്തും ഇല്യാ !
ആള് അപാര ആലിമാണ് . ശെരിക്കും ദൈവാവതാരം തന്നെ !

നെറ്റിയിലെ വലിയ നിസ്ക്കാരത്തഴംപ്‌ !
ഊശാന്‍ താടി ! വെറ്റിലക്കറ പിടിച്ച വലിയ വായിലെ പല്ലുകള്‍ !
ഇത് മതി : ആര് കണ്ടാലും ഭക്തി തോന്നാന്‍ .

കിണറ്റില് വെള്ളം കാണാത്തതിന് , വീടിന്‍റെ ശകുനം മാറ്റാന്‍ ,
നല്ല ' പുത്യാപ്പളനെ ' കിട്ടാന്‍ , കുഞ്ഞിക്കാല് കാണാന്‍ ,
നാട് വിട്ട് പോയോര്ക്ക് നല്ല ജോലീം കൂലീം കിട്ടാന്‍ , ഗര്‍ഭിണികളുടെ സുഖ പ്രസവത്തിന് ....
സ്ത്രീ സംബന്ധമായ ഏതു പ്രശ്നങ്ങള്‍ ആണെങ്കിലും മൂപ്പര്‍ക്ക് അറിയാത്ത ചികിത്സകളില്ല !

അങ്ങോട്ട്‌ ചെന്ന് ചികില്‍സിക്കാണെങ്കി - സ്ത്രീകളുമായി രാത്രി ചെല്ലണം .
പ്രത്യേക ഹോമം നടത്തിയാണ് ചികിത്സ !
ഇങ്ങോട്ട് വീട്ടില്‍ വന്ന് ചികിത്സ വേണമെങ്കില്‍ ഏതു നേരവും ആള് റെഡി !
പക്ഷേ , അന്ന് ആ വീടുകളില്‍ മല്‍സ്യം പാചകം ചെയ്യരുത് . അതിനു കാരണമുണ്ട്.
മീന്‍ ചൂര് ഉണ്ടായാല്‍ മലക്കുകള്‍ അടുക്കില്ലത്രേ !
കോഴി - ആട് എന്നിവ പാചകം ചെയ്യാം . അല്പം ചെമ്മീനും ആവാം

( ഇയ്യാള് പണ്ട് മീന്‍ കച്ചവടക്കാരന്‍ ആയിരുന്നു . പിന്നെ മീനിനോട് താല്പര്യം കാണില്ലാ എന്നുറപ്പല്ലേ .... )

ചികിത്സയ്ക്ക് വേണ്ടി വീട്ടിലെത്തിയാല്‍ അവരുടെ - ആ വീടുകാരുടെ കഴിഞ്ഞു പോയ പല സംഭവങ്ങളും ഒരു വെളിപാട് പോലെ അദ്ദേഹം എണ്ണിയെണ്ണി പറയും !
ഇത് പോരേ ആ ദിവ്യ ശക്തി ബലപ്പെടാന്‍ !

അവിടെയും ' മുരീദന്‍മാരാണ് ' അദൃശ്യ ജ്ഞാനം എത്തിച്ച്കൊടുക്കുന്നവര്‍ !
മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ഇവര്‍ രഹസ്യമായി ചോര്‍ത്തി
' ഉസ്താദിന് ' എത്തിച്ച് കൊടുക്കുന്നു.
പക്ഷെ , കേള്‍വിക്കാരന്‍റെ വിചാരം അതെല്ലാം ' അദൃശ്യ ജ്ഞാനം കൊണ്ട് ' വെളിപാടുണ്ടായി അദ്ദേഹം പറയുകയാണ്‌ എന്നാണ് !

പല പെണ്ണുങ്ങളും ഗര്‍ഭം ധരിക്കുന്നുണ്ട് ഇയാളുടെ ' ചികില്‍സ ' യാല്‍ .
പല പെണ്ണുങ്ങളും കുഞ്ഞിക്കാലും കാണുന്നുണ്ട്.

അവിടേം വരും ഈ മുടിഞ്ഞ അസൂയാലുക്കള്‍ !
അവര് പറയും : ആ കുട്ടി ഈ മൊയ്ല്യാരുടെയാണെന്ന് !

നാക്കിന് എലില്ലാത്തോര്‍ക്ക് എന്താ പറഞ്ഞു കൂടായ്ക ?!!

ഒടുവില്‍ നാട്ടിലൊരു വാര്‍ത്ത : മൊയ്ല്യാര് മുങ്ങി !

ഒപ്പം ഒരു കിംവദന്തിയും :
ആ നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഭര്‍ത്താവില്ലാത്ത വീട്ടമ്മയ്ക്ക് ഗര്‍ഭമാണ് പോലും ! മാത്രമല്ല... ,
അതേ വീട്ടിലെ മകന്‍റെ ഭാര്യയെ /
അല്ലെങ്കില്‍ ചെറുപ്പക്കാരിയായ മകളെ കാണാനുമില്ലത്രേ .

ഈ സര്‍വ്വ രോഗ സംഹാരിയായ ഇയാള്‍ക്ക് സ്വന്തം കൈയ്യിലിരുപ്പ് കൊണ്ട്
' ശ്വാസം മുട്ടലാണ് ' രോഗം !
അതിനുള്ള ചികില്‍സ അദ്ദേഹത്തിന് ആര്യ വൈദ്യ ശാലയില്‍ നിന്നുമാണ്.
അപ്പോഴും , ആര്യ വൈദ്യ ചികില്‍സകള്‍ നിറുത്തി - ആളുകള്‍ പലരും ഇദ്ദേഹത്തെ കാണാനാണ് വരുന്നത് എന്നത് വേറെ കാര്യം !

( സ്വന്തം തടിയിലെ ശ്വാസം മുട്ടല്‍ നിറുത്താന്‍ പറ്റാത്ത ഇദ്ദേഹം സ്ത്രീകളുടെ അപസ്മാരം മന്ത്രിച്ചു മാറ്റാന്‍ ആഗ്രകണ്യന്‍ ആണത്രേ ... )
................ ....................... ....................
ദൈവം കഴിഞ്ഞാല്‍ ദൈവത്തിന്‍റെ ഏറ്റവും അടുത്ത അനുയായി എന്ന ഖ്യാദി പ്രചരിപ്പിക്കാന്‍ തെമ്മാടികളുടെ ഒരു സംഘം തന്നെ സദാ ഇത്തരക്കാരെ ചുറ്റിപ്പറ്റി ഓരോ പ്രദേശങ്ങളിലും എപ്പോഴും തയ്യാര്‍ !

എന്ത് വൃത്തികേടും തോന്നിവാസവും കാണിച്ചിട്ട് ... സത്യം പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നവരെ ശിങ്കിടികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ...
' കാരുണ്യ പ്രവര്‍ത്തനം ' നടത്തുന്ന കുറേ എണ്ണം തഴച്ചു വളര്‍ന്നു.
എന്ത് കൊള്ളരുതായ്മകള്‍ അവരുടേത് പുറത്തു വന്നാലും എല്ലാം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ തണലിലും മറവിലും തേഞ്ഞു മാഞ്ഞു പോകാനും പോക്കാനും അവര്‍ക്കറിയാം നല്ല വണ്ണം .
കണ്ടില്ലേ ഇപ്പോള്‍ തന്നെ ചിലര്‍ ഉറഞ്ഞു തുള്ളുന്നത് :
അമ്മ / തങ്ങള് / മൊല്ലാക്ക / കത്തനാര് .... എങ്ങനെ സമ്പാദിച്ചാല്‍ എന്താ ?
അവര്‍ നടത്തുന്ന '' കാരുണ്യം '' നമ്മള്‍ കാണാതെ പോവരുത് - എന്നതാണ് വാദം !!!

കോടാനുകോടി അനധികൃതമായി സമ്പാദിച്ചു കൂട്ടി...... നക്കാപ്പിച്ച പോലെ ഏതാനും ലക്ഷങ്ങള്‍ക്ക് ' കാരുണ്യം വിലയ്ക്ക് വാങ്ങി ' വെളുക്കെ ചിരിച്ചു നടക്കുന്ന ഇവരാണ് ... ഇവരെപ്പോലുള്ളവരാണ് ഭാരതത്തിന്‍റെ നാശം ....

ഇനി അഥവാ വല്ല വിധേനയും ഇവരെയൊക്കെ പിടിക്കപ്പെട്ട് ദുരൂഹതകള്‍ ചുരുളഴിയാന്‍ തുടങ്ങിയാലോ ...?!

'' ഹേയ് .... അത് ആളുകള്‍ വെറുതേ പറയുന്നതാണ് . അവരൊന്നും അത്തരക്കാരല്ല . അവര്‍ക്കതിന്‍റെ ആവശ്യവും ഇല്ല ...''
എന്നും പറഞ്ഞ് അവരുടെ എല്ലാ വേണ്ടാത്തരങ്ങളെയും അഭാസങ്ങളെയും ന്യായീകരിക്കാന്‍ - , അതും ദൈവീകമായി പതിച്ചു നല്‍കി സര്‍ട്ടിഫൈ ചെയ്യാന്‍ നമ്മില്‍ പെട്ട നല്ലൊരു പങ്ക് ആളുകള്‍ എന്നും എവിടെയും തഴച്ചു വളരുന്നു.

* എന്താ സമൂഹമേ നന്നാവാത്തത് ?
ഇത്തരം തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കും കുട പിടിച്ച് കൂട്ട് നില്‍ക്കാനാണോ നിങ്ങളൊക്കെ സാക്ഷാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് ?
അറിവും വിദ്യയും വിദ്യാഭ്യാസവും നിങ്ങള്‍ നേടിയത് ഇങ്ങനെ അടിയറവ് പറയാന്‍ വേണ്ടിയായിരുന്നോ ?
ഏതു മതത്തിലാ ഇത്തരം വ്യക്തി പൂജ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടത് ?

ഇനിയെങ്കിലും ഉണരൂ , സത്യം മനസ്സിലാക്കൂ , പൌരോഹിത്യം തകര്‍ത്തെറിയൂ ... '


Hamza Pullatheel
2014 Feb 20 നു - ഫേസ്ബുക്കില്‍ കൊടുത്തത് 

നഷ്ട വസന്തങ്ങള്‍ !

എന്തോരം ഭംഗിയായിരുന്നെന്നോ അന്നൊക്കെ നമ്മുടെ നാടിന് !
ഞാന്‍ വെറുതെ പറയുകയല്ല .
മോഹിപ്പിക്കുന്ന സൌന്ദര്യമായിരുന്നു പണ്ടൊക്കെ നമ്മുടെ എല്ലാ ഗ്രാമങ്ങള്‍ക്കും .

എങ്ങും എമ്പാടും തളിരിട്ട ലതാ നികുന്ജ്ഞങ്ങളും അവകളില്‍ കണ്ണിന് കുളുര്‍മയേകി
മുറ തെറ്റാതെ തളിര്‍ത്തു പൂക്കുന്ന നാനാവര്‍ണ്ണ നയന മനോഹര പൂക്കളും പൂവള്ളികളും അനേകം കായ്‌ ഫലങ്ങളും !

പൂക്കളെ വട്ടം ചുറ്റി അനുരാഗം കൈമാറാന്‍ വരുന്ന ശലഭങ്ങള്‍ ....
അത് - തൊടിയിലെ പച്ചപ്പുകല്‍ക്കിടയിലെ വേറിട്ട കാഴ്ചയായിരുന്നു നമുക്ക്.
പൂവുകളെ ചുംബിച്ചതിന് വണ്ടുകളെ വിരട്ടിയോടിക്കുന്ന പൂമ്പാറ്റകളും അവര്‍ക്ക് പിന്തുണയേകുന്ന പൂത്തുമ്പികളും ...
ഹാ.... എന്തൊരു ഭംഗിയായിരുന്നു അതൊക്കെ ആവോളം കാണുവാന്‍ !

തടാകം പോലുള്ള കൊച്ചു കൊച്ചു കുളങ്ങളും തോടുകളും നീര്‍ക്കെട്ടുകളും.
അതിലെ തണുപ്പുള്ള തെളിഞ്ഞ വെള്ളത്തില്‍ കുളങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് സദാ പുളഞ്ഞുനീന്തുന്ന ബ്രാലും പരലും മറ്റു ചെറു മീനുകളും .
കുളങ്ങത്തിലെ അടിത്തട്ടില്‍ വേരൂന്നി നിന്ന് നിലാവിനെ പ്രണയിച്ചിട്ടു കൊതി തീരാത്ത - വിടര്‍ന്ന ആമ്പല്‍പ്പൂക്കള്‍ .
തടാകങ്ങളില്‍ സൂര്യനെ കാമിച്ച് മതിവരാത്ത താമര മൊട്ടുകള്‍ .
വയല്‍പ്പൂക്കളില്‍ കണ്ണ് പൊത്തിക്കളിക്കുന്ന കണ്ണാടിച്ചിറകുള്ള കിന്നാരത്തുമ്പികള്‍ .
ഇളം കാറ്റില്‍ അവയുടെ ചിറകുകളുടെ നേര്‍ത്ത മര്‍മ്മരം .
എത്ര സുന്ദരമായ കാഴ്ചകളായിരുന്നു അതൊക്കെയും !

തുമ്പയും മുക്കുറ്റിയും മത്സരിച്ചു പൂക്കുന്ന തൊടികളില്‍ തൊട്ടാവാടിപ്പെണ്ണുങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന കുറുന്തോട്ടികള്‍ . കുറുന്തോട്ടികളില്‍ വിരിഞ്ഞ മണമില്ലാത്ത മഞ്ഞപ്പൂക്കള്‍.
തുമ്പപ്പൂക്കളുടെ വിശുദ്ധിയും മുക്കുറ്റിയുടെ പത്തരമാറ്റും മാറി മാറി അളന്നു തിട്ടപ്പെടുത്താന്‍ കൂട്ടത്തോടെ പറന്നെത്തുന്ന കണ്ണാംപോത്തുകള്‍ .
അവയെ വിരട്ടിയോടിക്കുന്ന പച്ചത്തുള്ളന്‍മാരും പുല്‍ച്ചാടികളും!

പറമ്പിലെ വരിക്കക്കപ്ലാവിലും മുരിങ്ങമരത്തിലും അവകാശം പറഞ്ഞ് പാഞ്ഞു കയറുന്ന അണ്ണാറക്കണ്ണന്‍മാര്‍ .
മുറ്റത്തെ പന്തല്‍ നിറയെ മലയാളിപ്പെണ്ണിനോട് മത്സരിക്കാനെന്നോണം വെള്ള മാത്രം ഉടുത്തൊരുങ്ങിയ കുടമുല്ലപ്പൂക്കള്‍ .
വീടും പരിസരവും എന്നും സുഗന്ധ പൂരിതം.

മാമ്പഴം കണ്ട് കൊതിമൂത്ത കിടാങ്ങള്‍ക്ക് - പഴുത്ത മാങ്ങകള്‍ മാത്രം തിരഞ്ഞെടുത്ത് - കൊത്തി നോക്കി , മധുരം ഉറപ്പുവരുത്തി - എന്നിട്ടു മാത്രം താഴേക്കിട്ടു കൊടുക്കുന്ന കിളികളും കാകന്‍മാരും.
മുളങ്കൂട്ടങ്ങളുടെ ഉയരത്തിലുള്ള തുഞ്ചങ്ങളിലിരുന്ന് വഴിപോക്കരെ കളിയാക്കിച്ചിരിക്കുന്ന തത്തമ്മപ്പെണ്ണുങ്ങള്‍ .
കാക്കക്കൂട്ടില്‍ മുട്ടയിട്ട് - എന്നിട്ടത് നാട്ടാരോട് മുഴുവന്‍ വിളിച്ചു പറയുന്ന കുയിലമ്മകള്‍ !

കാവുകളിലെ വന്‍മരങ്ങളില്‍ കീഴ്ക്കാം തൂക്കായി കിടന്ന് - തെരുവിലെ നാടോടികളെപ്പോലെ - ഒച്ചവെച്ച് ബഹളം കൂട്ടുന്ന മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള കൂറ്റന്‍ വവ്വാലുകള്‍ .
അഴിച്ചിട്ട കാര്‍കൂന്തല്‍ പോലെ പഴുത്ത പനങ്കുലകല്‍ തൂങ്ങുന്ന പനകളില്‍ ഓടിക്കയറുന്ന വെരുകുകള്‍ . എന്തു രസമായിരുന്നു അതൊക്കെ കാണാന്‍ !

വരമ്പില്‍ വമ്പത്തിയായി നില്‍ക്കുന്ന ഇലഞ്ഞിമരത്തിനു ചുറ്റും വാരി വിതറിയ പോലെ വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പ്രഭാതത്തിന് മാത്രം സ്വന്തം.
മുറ്റത്തിന്‍റെ ഇറമ്പില്‍ വീട്ടുകാര്‍ ചട്ടിയില്‍ താലോലിച്ചു വളര്‍ത്തിയ ' പത്തുമണിപ്പൂക്കളും ' - 'നാലുമണിപ്പൂക്കളും ' !
അവര്‍ക്ക് മദ്ധ്യേ തെല്ലൊരമ്പരപ്പോടെ നാലുപാടും നോക്കി അന്തിച്ചു നില്‍ക്കുന്ന ' മാസം മാറി ' ച്ചെടികകളും . വഴിയരികില്‍ അത്തറിന്‍റെ മണം വീശി പുഞ്ചിരിച്ചു നില്‍ക്കുന്ന ഉണ്ടമല്ലികപ്പൂക്കളും .

ഒരു ഭാഗത്ത് മകം പിറന്ന മങ്കയ്ക്കൊത്ത മന്ദാരപ്പൂക്കളും മറു ഭാഗത്ത്‌ നാണം വിടര്‍ത്തി നറുമണം പരത്തി നാണിച്ചു നില്‍ക്കുന്ന പാടല വര്‍ണ്ണമുള്ള റോസാപ്പൂക്കളും.
അരിമുല്ലയും കുടമുല്ലയും ഒരുമിച്ച് ഋതുമതികളാവുന്ന സന്ധ്യകളും , ഗന്ധര്‍വ്വനെക്കാത്ത് മാദക ഗന്ധം പരത്തുന്ന പാലപ്പൂക്കളുടെയും പാതിരാവില്‍ സിരകളെ ഉന്‍മാദം കൊള്ളിക്കുന്ന നിശാഗന്ധിപ്പൂക്കളുടെയും നിറഞ്ഞ സൌരഭ്യവും .

ഉച്ച്വാസ വായുവിന് എന്നും തികഞ്ഞ പരിമളത്തിന്‍ കാന്തി !

ആ പാടത്തേക്കൊന്നു നോക്കൂ... !
സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞ നെല്‍ക്കതിരുകളെ ചുംബിച്ചുണര്‍ത്തുന്ന വയല്‍ക്കിളികളെ കാണുന്നില്ലേ !.
താഴ്ന്നും പൊങ്ങിയും ചാഞ്ഞും ചെരിഞ്ഞും കുഞ്ഞുചിറകുകള്‍ വീശിപ്പറക്കുന്ന ആ കിളികള്‍ക്ക് എന്തൊരു ചന്തമാണെന്നു കണ്ടില്ലേ നിങ്ങള്‍ !
പാടത്തിന്‍റെ അരികിലായി ഒരു താമരക്കുളം കാണാം നമുക്ക് . അതാ ... നോക്കൂ ...കുളവാഴകള്‍ക്കിടയിലൂടെ ഊളിയിട്ടു പോവുന്ന കുളക്കോഴികള്‍ ഒരു ഭാഗത്ത് ....
കുളക്കരയിലെ പൊന്തകളിലിരുന്ന് പ്രകൃതിയുടെ ചന്തം കാണുന്ന പചിലപ്പാമ്പുകള്‍ ചിലയിടങ്ങളില്‍ ....
പാടത്തും പറമ്പിലും കൊച്ചു മാളങ്ങളില്‍ അവാസമുറപ്പിച്ച കര്‍ഷകരുടെ സഹായികളായ - സദാ ജാഗരൂകരായ - ചേരകളും നീര്‍ക്കോലികളും .

വഴിവക്കുകള്‍ നിറയെ ശീതളച്ഛായ പരത്തി തണല്‍ വിരിച്ച് നില്‍ക്കുന്ന പടര്‍ന്നു പന്തലിച്ച മരങ്ങള്‍ .
ഈ മരങ്ങളാണല്ലോ മഴ മേഘങ്ങളെ സ്വീകരിക്കുന്നത് ആകാശത്തേക്കുയര്‍ന്നു ചെന്ന് ..!!!
എന്നിട്ട് , ആര്‍ത്തലച്ചു പെയ്ത മഴയെ ഭൂമിയുടെ അന്തരാളത്തിലേക്ക് ആ മരങ്ങള്‍ തന്നെ വഴി തിരിച്ചു വിടുന്നു - അതും നമുക്ക് വേണ്ടി !

അപ്പൂപ്പന്‍ താടികളെ ഊതിപ്പറത്തുന്ന കൊച്ചു വിരുതന്‍മാരും പട്ടം പറത്തുന്ന കുട്ടികളും ....
ഞാവല്‍പ്പഴങ്ങള്‍ പെറുക്കിക്കൂട്ടാനെത്തുന്നവരും മഞ്ചാടിക്കുരുക്കള്‍ തേടിപ്പിടിച്ച് ശേഖരിക്കുന്നവരും ,
മാവിന്‍ കൊമ്പത്ത് ഊഞ്ഞാലു കെട്ടി ആനന്ദം പൂണ്ട് മതിമാറന്നാടുന്നവരും .....

എങ്ങും ആഹ്ലാദം . എല്ലാര്‍ക്കും ആനന്ദം . ഏതു മുഖങ്ങളിലും ആമോദം !

ആ നാട് ... , അതീവ സുന്ദര സുരഭിലമായിരുന്ന നമ്മുടെ നാട്...

ഇന്ന് അറവു മാലിന്യങ്ങളും അങ്ങാടിക്കുപ്പകളും സെപ്റ്റിക് ടാങ്കുകളിലെ നുരഞ്ഞു പൊന്തിയ വിസര്‍ജ്യങ്ങളും ക്ഷുരകന്‍റെ കടയിലെ വീഞ്ഞപ്പെട്ടിയില്‍ അളിഞ്ഞുതുടങ്ങിയ ചീഞ്ഞു നാറുന്ന മുടി രോമങ്ങളുമൊക്കെ പാടത്തും പറമ്പിലും തോട്ടിലും പുഴയിലും വഴിയോരങ്ങളിലും പരസ്യമായി തള്ളി എന്‍റെ നാടിന്‍റെ വിശുദ്ധിയെ കളഞ്ഞു കുളിച്ചില്ലേ ചിലര്‍ ചേര്‍ന്ന് ?!.

മൂക്ക് പൊത്താതെ ... മനം പിരട്ടാതെ വഴിനടക്കാന്‍ പറ്റാത്ത പരുവത്തിലാക്കി പിച്ചിച്ചീന്തിയില്ലേ നമ്മുടെ ആ ഗ്രാമീണ സുന്ദരിയെ ചിലരൊക്കെ ചേര്‍ന്ന് ?!

തോടായ തോടും കുളങ്ങളും കിണറുകളും വറ്റി വരളാന്‍ മാത്രം അളവില്‍ വന്‍ വൃക്ഷങ്ങളെ ' വെട്ടിക്കൊന്ന് ' വിറ്റ് കാശാക്കി ...
മഴയെ ആട്ടിയകറ്റി ദാഹജലം കിട്ടാതെ തൊണ്ട വരണ്ടു പൊട്ടിക്കാന്‍ മാത്രം പരുവത്തില്‍ ഈ പ്രകൃതിയെ കടന്നാക്രമിച്ചില്ലേ ചില ദുഷ്ട ജനങ്ങള്‍ !!?

അത്തപ്പൂക്കളത്തിന് വട്ടം കൂട്ടാന്‍ പ്ലാസ്റ്റിക്‌ പൂക്കളെ കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേട് വന്നില്ലേ ...
പൂക്കളെ കണി കണ്ടുണര്‍ന്നിരുന്ന ഗ്രാമീണര്‍ക്ക് പോലും !

എന്ത് തെറ്റാ ദുഷ്ടജനങ്ങളേ - നിങ്ങളോടൊക്കെ ഞങ്ങള്‍ ചെയ്തത് ?
ഞങ്ങളുടെ നാട് ചെയ്തത് ?
നമ്മുടെ പ്രകൃതി ചെയ്തത് !?
നമുക്കെല്ലാം ജീവിക്കാന്‍ ശുദ്ധവായുവും കുടിക്കാന്‍ ശുദ്ധജലവും വിശ്രമിക്കാന്‍ കുളിരുള്ള തണലും തന്നതോ ? .....
എന്തിനാണാ വന്‍മരങ്ങളെ പാടേ വെട്ടി മാറ്റി നശിപ്പിച്ചത് ?

നിങ്ങളുയൊക്കെ ഇമ്മാതിരി ചെയ്തികള്‍ക്ക് പകരമായി.
ഭൂമിയാണെ സത്യം ... , നിങ്ങള്‍ അനുഭവിക്കും !
പ്രകൃതി പകരം ചോദിക്കും നിങ്ങളോട് ... ഇത് സത്യം !
കാരണം , ... ' ഇത് ഭൂമിയാണ് ' .
ജീവജാലങ്ങള്‍ നില നില്‍ക്കുന്ന ഒരേയൊരു ഗ്രഹം !

ആ പഴയ ശാലീന ഭംഗിയോടെ , അതേ ചാരുതയോടെ ഒരിക്കലൂടെ ഞങ്ങള്‍ക്ക് തിരിച്ചു തരാന്‍ കഴിയില്ല ഇനിയും ആ പഴയ ഗ്രാമീണ ഭംഗിയെ നിങ്ങള്‍ക്ക് - എന്നറിയാം .
എന്നാലും ഇനിയും നിങ്ങളില്‍ഹൃദയം അവശേഷിക്കുന്നുണ്ടെങ്കില്‍
... മനുഷ്യത്വം അവശേഷിക്കുന്നുവെങ്കില്‍ ... ഒന്ന് ചോദിച്ചോട്ടേ ....

ഇനിയെങ്കിലും ഉള്ളതിനെ നശിപ്പിക്കാതിരുന്നൂടെ നിങ്ങള്‍ക്ക് !?

സാധിക്കുമോ നിങ്ങള്‍ക്കും പ്രകൃതി വിരോധികളായ കൂട്ടാളികള്‍ക്കും - 

ഇനിയെങ്കിലും ഒരു മനം മാറ്റത്തിന് !?.

വീണ്ടും ആ കളമൊഴി കിളികളുടെ കൂജനങ്ങള്‍ കേള്‍ക്കാനും , തോട്ടിലിറങ്ങി ആമ്പല്‍പ്പൂക്കള്‍ പൊട്ടിച്ചെടുക്കാനും, തുമ്പപ്പൂക്കളെ , മുക്കുറ്റിയെ ..ഇറുത്തെടുത്ത് ഇലക്കുമ്പിളില്‍ ശേഖരിച്ച് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മുറ്റത്ത് വിതറിയിട്ടത് കണ്‍ കുളിര്‍ക്കെ കാണാനുമുള്ള അടങ്ങാത്ത കൊതി ....
ഇനിയും ഒരിക്കലൂടെ ഞങ്ങളതൊന്നു കണ്ടോട്ടെ മരിക്കും മുന്‍പ്.

( പ്രകൃതിയെ നശിപ്പിക്കുന്നവരും ധന സമ്പാദനത്തിന് വേണ്ടി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നവരും ഓര്‍ക്കുക. നമ്മുടെ മുന്‍ഗാമികള്‍ അവ നശിപ്പിക്കാതെ പരിപാലിച്ച് പോഷിപ്പിച്ച് ഇവിടെ ഇട്ടേച്ചു പോയത് നമുക്ക് വേണ്ടിയാണ്.
നമ്മുടെ മനസ്സമാധാനത്തിനും ആവാസ വ്യവസ്ഥിതിക്കും വേണ്ടി. നമ്മുടെ പിന്‍ഗാമികളായി വരുന്നര്‍ക്ക് നമ്മളും അവയെ ഇവിടെ നില നിര്‍ത്തിയേ പറ്റൂ. അത് നമ്മുടെ ബാധ്യതയാണ് .
നമ്മില്‍ ചുമതലപ്പെട്ടതാണ് ആ ദൌത്യം ! അല്ലെങ്കില്‍ നമുക്കും ഏറെത്താമസിയാതെ പ്രകൃതികൊപ്പം നാശോന്മുഖമാവേണ്ടി വരും - -- 


Hamza Pullatheel Karimbil
2013 Aug 04 നു - ഫേസ്ബുക്കില്‍ എഴുതിയത് !

എന്നോട് പൊറുക്കണം .... പറ്റിപ്പോയീ ....

കാലത്ത് ചായ കുടീം കഴിഞ്ഞ് വരാന്തയിലിരുന്ന് പത്രം വായിക്കുന്ന നേരത്താണ് ഗേറ്റിനു മുന്നില്‍ മീന്‍കാരന്‍റെ കൊട്ടവണ്ടി വന്നു നിന്നത്.


' മീന്‍ - മീനേയ്‌ .... കൂയ്‌ .... മീന്‍ ... മീന്‍ ... ' എന്ന അവന്‍റെ സ്ഥിരം വിളിച്ചു കൂവലിനോപ്പം കയ്യില്‍ സദാ കൊണ്ട് നടക്കുന്ന  ആ ഹോണും ഞെക്കുന്നുണ്ട് . അതിന്‍റെ  ശബ്ദം മതി പരസരവാസികള്‍ക്കൊക്കെ മീന്‍വണ്ടി വന്നെന്ന അറിയിപ്പ് കിട്ടാന്‍ .
പത്രം മടക്കി വെച്ച് ഞാനും അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു....

' ... ന്നാ .....നോക്കേ .... ദാ മീന്‍ വണ്ടി . വന്ന് വാങ്ങിക്കോ ... '

കേട്ടയുടനെ സ്ഥിരമായി മീന്‍ വാങ്ങാനുപയോഗിക്കുന്ന ആ പ്ലാസ്റ്റിക്‌ കൂടയുമായി അവള്‍ വന്ന് , മുറ്റത്തേക്കിറങ്ങി ഗെയിറ്റിന്നരിലേക്ക് പോയി. ഒന്ന് മടിച്ചാണെങ്കിലും ഞാനും പിറകെ ചെന്നു.
വണ്ടിയില്‍ ആവോലി യുണ്ട്. ഒരു ചെറിയ ബക്കറ്റില്‍ അല്‍പം വെള്ളച്ചെമ്മീനും കണ്ണ് ചുവന്ന് ചീഞ്ഞ് കുടല് പുറത്തേക്ക് തുറിച്ച കുറേ മത്തിയും.
എല്ലാം ഐസില്‍ കുളിച്ചതാണ്. 

എന്നാലും അങ്ങാടി വരെ പയി മീന്‍ വാങ്ങി വരാനുള്ള മടി ഈ വണ്ടി വീട്ടിനു മുന്നില്‍ വരുന്നത് കൊണ്ട് പുറത്തു കാട്ടാതെ രക്ഷപ്പെടാം. മാത്രമല്ലാ ... ആള്‍ക്കൂട്ടത്തില്‍ നിന്ന് ... വിലപേശി വെറുതേ നാണം കേടെണ്ടല്ലോ !

സമീറയും നൂര്‍ജഹാനും ലതയും സീനയുമൊക്കെ ആദ്യമേ കൊട്ടവണ്ടിക്ക് ചുറ്റും എത്തിയിട്ടുണ്ട്.
റോസി യും ഷീബയും സബീനയുമൊക്കെ പാത്രവുമായി എത്തുന്നേയുള്ളൂ.
ദീപ്തിയും സഫിയയും ഷൈനിയും മീന്‍ വാങ്ങി - തിരിച്ച് അവരുടെ വീട്ടിലേക്ക് പോവുന്നുണ്ട്.
എല്ലാരും വാങ്ങി. ഇനി അവളുടെതാണ് ഊഴം . അതായത് ... ഞങ്ങളുടെ.

' ന്താ വേണ്ടീ... ? വേഗം പറയിം . കുറച്ച് ചെമ്മീനാക്കട്ടെ .. ? ' - മീന്‍ കാരനാണ്.


''' ന്താ വെല ? '


' ഇരുന്നൂറ്റയ്മ്പുര്‍പ്യ ... '


''' ആകോലിയോ ? '


' നൂറ്റയ്മ്പത് .. '


അവളുടെ മുഖത്തേക്കൊന്നു ഒളികണ്ണിട്ടു നോക്കി. നോട്ടം ചെമ്മീനിലാണ്.
'''  അതൊന്നും വേണ്ട. തല്‍ക്കാലം ഒരു ... ഇരുപത് ഉര്‍പ്പ്യെക്ക് മത്തി കൊടുത്താളാ .. '
എന്നും പറഞ്ഞ് പോക്കറ്റില്‍ നിന്നും കാശും എടുത്ത് കൊടുത്ത് ഞാന്‍ വീണ്ടും വരാന്തയില്‍ വന്നിരുന്ന് പത്രം നിവര്‍ത്തി.
.....................
പത്രം അരിച്ചു പെറുക്കി ... കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ നേരം അവള്‍ വാതിക്കല്‍ വന്ന് ചോദിച്ചു :

' ... നോക്കിം.... വേറെ കൂട്ടാനൊന്നും ഇല്യാ.... 

ഇങ്ങക്ക്  കോഴിമുട്ട പൊരിച്ചാ മതിയോ .. ?" 

'' നിങ്ങക്ക് വേണെങ്കി പൊരിച്ചോളിന്‍ . എനിക്കൊരു കല്യാണത്തിന് പോവാനുണ്ട് ...'
......................
സമയം പതിനൊന്നര . കല്യാണപ്പന്തലില്‍ എത്തേണ്ട താമസം ! ട്രേയില്‍ നിരത്തിയ നല്ല നിറമുള്ള തണുത്ത മധുരപാനീയവുമായി ഏതോ കുട്ടികള്‍ വന്നു . അതില്‍നിന്നും ഒരു ഗ്ലാസെടുത്തു ചുണ്ടോട് ചേര്‍ത്ത് കസേരകളിലൊന്നില്‍ ഇരുന്നപ്പഴേക്കും വീഡിയോക്കാരുടെ ലെന്‍സ് എന്നെ ഫോക്കസ്‌ ചെയ്യുന്നതറിഞ്ഞു.
കൃത്രിമ ഗൌരവം വരുത്തി ... ആരും കാണാത്ത മട്ടില്‍ നാവു കൊണ്ട് ചുണ്ടൊന്നൂടെ നനച്ച് - ചുവപ്പ് രാശി തോന്നിക്കാന്‍ കീഴ്ച്ചുണ്ടൊന്നു കടിച്ച്... ഒന്നൂടെ ഇളകിയിരുന്നു . കല്യാണ സീ ഡി യില്‍ തന്നെക്കാണാന്‍ മോശമാവരുതല്ലോ ... !
.......................
ഭക്ഷണപ്പന്തലില്‍ ... നിരത്തിവെച്ച വിഭവങ്ങള്‍ !
കബ്സയും ഫ്രൈഡ്‌ റൈസും വേറെ വേറെ. കാട പൊരിച്ചതും ചില്ലീ ചിക്കനും ചെമ്മീന്‍ പൊള്ളിച്ചതും ബീഫ്‌ വരട്ടിയതും കെങ്കേമം . അതും പോരാഞ്ഞ് ... തളികയില്‍ കൂമ്പാരമാക്കിയ വെജിറ്റബിള്‍ ബിരിയാണി വേറെയും. ഉച്ച - ഒരു മണി നേരം. ഫുള്‍ശാപ്പാട് അടിച്ചു കേറ്റാന്‍ പറ്റിയ നല്ല നേരം. നല്ല വിശപ്പും തോന്നുന്നുണ്ട്.
മൂക്കറ്റം തട്ടി ഞാന്‍ ! ഹല്ല പിന്നെ... !
കൈ കഴുകി മുറ്റത്തേക്ക് കേറുന്ന വഴിയില്‍ അതാ നിരത്തി വെച്ച ഫ്രൂട്ടുകള്‍ !
ആപ്പിള്‍ മുന്തിരി കൈതച്ചക്ക ഓറഞ്ച് ചെറി എന്നുവേണ്ട ... പലതരം ഫ്രൂട്സ് ! കെട്ടിത്തൂക്കിയ പഴക്കുലകള്‍ വേറെയും. പോരാത്തതിന് ...ഐസ്ക്രീമും !
പ്രയാസപ്പെട്ടാണെങ്കിലും ഒരു പാട് കഴിച്ചു അതൊക്കെ.
യാത്ര പറച്ചിലോടൊപ്പം കല്യാണം ബഹു ജോറായതിനു വീട്ടുകാരനോട് നന്ദിയും പറഞ്ഞ് .... കല്യാണവീട്ടില്‍ നിന്നും ഇറങ്ങി .
....................
സമയം ഒന്നേ മുക്കാലായി . ഉമ്മറത്ത് ആരെയും കണ്ടില്ല. കോളിംഗ് ബെല്ലടിച്ചു. നനഞ്ഞ മാക്സി എളിയില്‍ കുത്തി അവള്‍ വന്ന് വാതില്‍ തുറന്നു. വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു എന്ന് തോന്നുന്നു. വാതില്‍ തുറന്ന പാടേ ...
' പൈപ്പ് തുറന്നിട്ടിരിക്കുകയാണ്. ഇപ്പം വരാം ... ' എന്നും പറഞ്ഞ് അവള്‍ വീണ്ടും അടുക്കള വഴി പുറത്തേക്കോടി.
ഞാന്‍ സാവധാനം നടന്ന് അടുക്കള വാതില്‍ക്കലെത്തി .
അവിടെ - കാലിളകിയ രണ്ടു പലകകള്‍ നിലത്തിട്ടിരുന്ന് എന്‍റെ ഇളയ മക്കള്‍ രണ്ടാളും ചോറ് തിന്നുകയാണ്. കാമ്പ് ഉടഞ്ഞ ഒരു കഷ്ണം മത്തിയുണ്ട് ഒരാളുടെ പ്ലെയിറ്റില്‍ . ചാറില്‍ കുഴച്ച ഇത്തിരി ചോറും !
എന്‍റെ മോള് ... അവള്‍ മീന്‍ കഷണം മുള്ളടക്കം ചവച്ച് തിന്നുകയാണ്.
വാതില്‍ക്കല്‍ വന്ന് നില്‍ക്കുന്ന തന്നെക്കണ്ടതും ...

' ഉപ്പച്ചി കല്യാണത്തിന് പോയിര് ന്നോ ... !? ' - രണ്ടു പേരുടേയും ചോദ്യം ഒരുമിച്ചായിരുന്നു.

' ങാ .... ' - തന്‍റെ ശബ്ദം ഒന്ന് പതറിയോ ... താനറിയാതെ... !

' ... എന്നിട്ട് ... ഇപ്പാക്ക് ബിര്യേനി കിട്ട്യോ ! ?' - മോളാണ് .

' ങാ ... _____ കിട്ടി ...' - മനസ്സ്‌ പൊള്ളുന്നു.

' .. ഇപ്പ പള്ള നറച്ചും ബെയ്ച്ചോ ... ? ! ' - ഇളയവനാണ്. അതും ചോദിച്ച് നിഷ്കളങ്കമായി അവന്‍ തന്നെ നോക്കി ചിരിക്കുന്നു.

.... ന്റെ മക്കളേ ...... ഒന്ന് പൊട്ടിക്കരയാനാണ് ആ ചോദ്യത്തിന് ഉത്തരമായി തനിക്ക് തോന്നിയത്. അല്ലെങ്കി .. ഞാന്‍ ചങ്ക് പൊട്ടി മരിച്ചു പോവും... അത്രയ്ക്കുണ്ട് സങ്കടം.

അലക്കലും ചിക്കലും കഴിഞ്ഞ് അവള്‍ വന്നു.
ഇടറിയ ശബ്ദം പാടുപെട്ട് മറച്ചു ഞാന്‍ ചോദിച്ചു :


'' നിനക്കൊരു കോഴിമുട്ട പൊരിച്ച് കൊടുക്കായിരുന്നില്ലേ അവര്‍ക്ക് ? നീയല്ലേ രാവിലെ പറഞ്ഞിരുന്നു ഓംലെറ്റ് ഉണ്ടാക്കണമെന്ന് !? "

'' അതിന് ... ഇങ്ങള് ഇല്യല്ലോ ചോറിന് ഇന്ന് ... ! അപ്പൊ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് അത് വേണ്ടാന്ന് വെച്ചു ''

' നീ ചോറ് തിന്നീലേ ... ? '


'' ... ഇല്യ . അവന്‍ വരട്ടെ ... നിങ്ങളെ മൂത്ത മോന്‍ ...''

' ... ഊം... അതെന്താ ... ! അവനെവിടെപ്പോയി ..?! '


'' ... അത് ... ചോറിന് കൂട്ടാനൊന്നും ഇല്യാത്തതോണ്ട് ... അവന്‍ എന്നോട് ദേഷ്യപ്പെട്ട് പെണങ്ങി പ്പോയതാ.... വരും ... കുറച്ചു കഴിഞ്ഞാല് ... വെശക്കുമ്പോ ... '' .

കണ്ണില് ഇരുട്ട് കയറുന്ന പോലെ തോന്നുന്നു. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ ! എങ്ങനെയൊക്കെയോ ഒരു വിധം അവളോട്‌ ചോദിച്ചു വീണ്ടും....

' അതിന് ... നീയെന്തിനാ പട്ടിണി കിടക്കുന്നത് ? നിനക്ക് ചോറ് വിളമ്പി തിന്നൂടെ .. ?!'

'' ഇന്‍റെ മക്കള് പട്ടിണി കെടക്കുമ്പം ... ഇന്‍ക്ക് ചോറ് എറങ്ങൂല ...''
ആ കാല്‍ക്കല്‍ വീണ് ഒന്ന് പൊട്ടിക്കരയാന്‍ തോന്നിപ്പോയി ആ നിമിഷം !
കണ്ണില്‍ തുളുമ്പി വന്ന കണ്ണീര്‍ തുള്ളികള്‍ അവള്‍ കാണാതിരിക്കാന്‍ പാടുപെട്ട് ... ബെഡ് റൂം നോക്കി മെല്ലെ കോണിപ്പടികള്‍ കയറാന്‍ തുടങ്ങിയതാണ് ഞാന്‍ ...
അന്നേരമതാ ... അവള്‍ പിറകില്‍ നിന്നും വിളിച്ചു ചോദിക്കുന്നു എന്നോട്...
" നോക്കീം .... ഇങ്ങക്ക് കുറച്ച് ചോറ് വിളമ്പിത്തരട്ടേ ... ? കൂട്ടനോന്നും ല്യാ ... ആ മത്തി ... ചാറു വെച്ചതേ ഉള്ളൂ.. അതാണെങ്കി വല്ലാതെ ചീഞ്ഞതാണ് ... വേണമെങ്കി ... ഒരു ആംപ്ലെയിറ്റ് ണ്ടാക്കിത്തരാം ... കുറച്ച് നേരം മതി ... പെട്ടെന്നാവും ....''
എന്താണ് ഞാന്‍ അവളോട്‌ പറയേണ്ടത് എന്നറിയാതെ തളര്‍ന്നു പോയി. എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കുന്ന അവളുടെ ശ്രദ്ധ തിരിച്ചത് അടുക്കളയില്‍ നിന്നും എന്‍റെ മോളുടെ ചോദ്യമാണ്...

' .. മ്മാ ... ഇന്ക്ക് കൊറച്ചൂടിം ചോറ് മാണം ... '

" ... ഇനി ... ഇക്കാക്ക വരട്ടെ .. ഓന്‍ വന്ന് ബെയ്ച്ചിട്ട് ബാക്കി ണ്ടെങ്കി തരണ്ട് .."

ദൈവമേ ... ഞാനിത്ര കണ്ണീച്ചോര ഇല്ലാത്തവനായല്ലോ ... ! എന്‍റെ മക്കള്... എന്‍റെ ഭാര്യ ... ! ഇവരെ ഇവിടെ ഈ കോലത്തില്‍ ഇട്ടിട്ടാണോ ഞാനൊറ്റയ്ക്ക് പോയി.... ആ കണ്ട വിഭവങ്ങളൊക്കെ .... !?
ഇത്ര കല്ലായിപ്പോയോ എന്‍റെ മനസ്സ് ?. അവളെ ..., എന്‍റെ മക്കളെ ഈ അരപ്പട്ടിണിക്കിട്ടിട്ടാണോ ഞാന്‍ കല്യാണം കൂടാന്‍ പോയത് ?.... ഛെ ....

' മാപ്പ് ... എന്‍റെ കരളിന്‍റെ കഷണങ്ങളായ എന്‍റെ പോന്നു മക്കളേ .. മാപ്പ്... 

ഈ ഉപ്പാനോട് നിങ്ങള്‍ പൊറുക്കണം ... നിങ്ങളുടെ ഉമ്മാന്‍റെ മുഖത്ത് നോക്കാനുള്ള .... നിങ്ങളുടെ പുഞ്ചിരിക്കുന്ന പൂ പോലുള്ള ആ നിഷ്കളങ്ക മുഖത്ത് നോക്കാനുള്ള ത്രാണിയില്ല ഈ ദുഷ്ടനായ ഉപ്പാക്ക് 
.
പറ്റിപ്പോയി എന്നില്‍ ഈ അബദ്ധം.... ഈ ഉപ്പാനോട് പൊറുക്കണം ...

കണ്ണുകള്‍ സജലങ്ങളായി .... ബെഡ്ഡില്‍ കമഴ്ന്നു കിടന്ന് തലയണയില്‍ മുഖം പൂഴ്ത്തി കരഞ്ഞു ഞാന്‍ ... ! പൊട്ടിപ്പൊട്ടി വിങ്ങിക്കരഞ്ഞു ഞാന്‍ ... മതി വരുവോളം...

ചോറ് തിന്ന് കൈ കഴുകി വന്ന് എന്നെ കെട്ടിപ്പിടിച്ച മക്കളുടെ പരസ്പരമുള്ള സംസാരം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്...

" ഹായീ .... ഇപ്പാനെ നല്ലോണം ബിര്യേനി മണക്ക് ണ്ണ്ട്  ... ല്ലേം !! .... '

********* ............... ******** ................... 

പ്രിയപ്പെട്ടവരേ ... നിങ്ങള്‍ ഇത് വായിച്ചെങ്കില്‍ ... ഇതിലെ " ഞാന്‍ " എന്ന കഥാപാത്രം ഇത് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരുമാണ് എന്ന് സ്വയം സങ്കല്‍പ്പിക്കാന്‍ വിനയത്തോടെ ഞാനപേക്ഷിക്കുന്നു.
*- ക്ഷണിക്കുന്നവരും ക്ഷണിക്കപ്പെട്ടവരും ഇനിയെങ്കിലും അല്പം ഗൌരവമായി ഈ വിഷയത്തെ ഇനിയെങ്കിലും ചിന്തിക്കണം.
*ഒന്ന് : കുടുംബ സമേതം മാത്രം ഇത്തരം ചടങ്ങുകള്‍ക്ക് ക്ഷണിക്കുക .
*രണ്ട് : പറ്റുമെങ്കില്‍ കുടുംബ സമേതം മാത്രം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുക.
*മൂന്ന് : ഒരേ ദിവസം മൂന്നും നാലും കല്യാണങ്ങളില്‍ പങ്കെടുത്ത് ചോറ് തിന്ന് അലഞ്ഞു നടക്കുന്ന ഒറ്റപ്പെട്ട വ്യക്തികളെ കഴിവതും അവഗണിച്ച് - കുട്ടികളോടൊപ്പം അവരുടെ ഉമ്മയോടൊപ്പം കല്യാണത്തിന് വരാന്‍ പറ്റുന്ന സുഹൃത്തുക്കളെ ക്ഷണിച്ച് ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുക.
*നാല്: സ്വന്തം ഭാര്യയേയും മക്കളേയും കൂടെ കൊണ്ട് പോവാന്‍ പറ്റാത്ത നമ്മുടെ പരിസരത്തുള്ള ഇത്തരം ഭക്ഷണ മാമാങ്കത്തില്‍ ' ഞാന്‍ ' ഒറ്റയ്ക്ക് പോവില്ലാ എന്ന് മനസ്സില്‍ ഉറപ്പിക്കുക. 

-----------------------------------------------------------------
https://www.facebook.com/hamza.pullatheel
2013 Aug 20 നു - ഫേസ്ബുക്കില്‍ പോസ്റ്റായി കൊടുത്തത്.
കളിപ്പാവകള്‍ !
________________

പകുതി തുറന്നു വെച്ച ഗേറ്റും കടന്ന് ആ വലിയ വീടിന്‍റെ മുറ്റത്തേക്ക് തെല്ലൊരു ഭയത്തോടെയാണ് അവള്‍ കടന്ന് ചെന്നത്.

മുഷിഞ്ഞു നാറിയ പഴകിപ്പിഞ്ഞിയ ഒരു ചേല എങ്ങനെയൊക്കെയോ വാരിച്ചുറ്റി ജഡ പിടിച്ച് ചെളി നിറഞ്ഞ മുടിക്കെട്ട് അലക്ഷ്യമായി മുഖത്തേക്ക് ഉതിര്‍ന്നു വീണ ഒരു സാധു നാടോടി സ്ത്രീ...
നമുക്കവളെ ... ' വള്ളിയമ്മ ' എന്ന് വിളിക്കാം .
പിന്നിക്കീറിയ പഴയ ഒരു ചാക്കുകെട്ട് മാറാപ്പു പോലെ തോളില്‍ നിന്നും മുതുകിലേക്ക് അവള്‍ തൂക്കിയിയിട്ടിട്ടുണ്ട് .
അവളെ പറ്റിച്ചേര്‍ന്ന് ഒരു കൊച്ചു ബാലന്‍ ! 


അവനാണ് .. ' ബാലാജി ' -     വള്ളിയുടെ മോന്‍ .

കഷ്ടിച്ച് മൂന്നു വയസ്സ് പ്രായം കാണും അവന്. നൂല്‍ബന്ധമില്ലാത്ത അവന്‍റെ കറുത്ത മേനിയില്‍ ചെളി പുരളാന്‍ ഇനി ഇടം ബാക്കിയില്ല.
മൂക്കളയൊലിപ്പിച്ച്‌ ചിണുങ്ങിക്കരഞ്ഞ് അമ്മയുടെ ചേലത്തുമ്പില്‍ മുറുകെപ്പിടിച്ച് അവളെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന അവന്ന്‍റെ നോട്ടം - അപ്പോഴും ആ മുറ്റത്ത് അനാഥമായിക്കിടക്കുന്ന പൊട്ടിയ ഒരു കളിപ്പാട്ടത്തിലാണ് . 

മഞ്ഞ നിറത്തിലുള്ള - അതിന്‍റെ ചക്രങ്ങള്‍ ഊരിപ്പോയ , ആ സ്ഥാനത്ത് രണ്ടു സ്റ്റീല്‍ കമ്പികള്‍ മാത്രം പുറത്തേക്ക് കാണുന്ന - സോപ്പു പെട്ടിയോളം പോന്ന ഒരു പ്ലാസ്റ്റിക്‌ നിര്‍മ്മിത കാറ് !

വെയിലു കൊണ്ട് നിറം മങ്ങിയ ആ പൊട്ടിയ കളിപ്പാട്ടത്തില്‍ തലേന്ന് പെയ്ത മഴത്തുള്ളികളാല്‍ തട്ടിത്തെറിച്ച മണ്‍തരികള്‍ ഒട്ടിപ്പിടിച്ചിട്ടുണ്ട്.
** .....
' അമ്മാ ..... , ത്താ ത്താ..... '

ഉമ്മറത്ത് ആള്‍പ്പെരുമാറ്റം കാണാഞ്ഞ് ആ നാടോടിപ്പെണ്ണ് അവളുടെ ചിലമ്പിയ ഒച്ചയില്‍ വിളിച്ചു നോക്കി ... ഒന്ന് രണ്ടാവര്‍ത്തി.

അല്‍പ നേരം കഴിഞ്ഞ് .... കൊത്തുപണികളുള്ള ആ വലിയ വാതിലിന്‍റെ വിദേശ നിര്‍മ്മിത സ്വര്‍ണ്ണ വര്‍ണ്ണമുള്ള കൈപ്പിടി ഒന്ന് ... താഴ്ന്ന് ... പൊന്തി ..' ക്ടക് ...'

അല്‍പം തുറന്ന ആ വാതിലിലൂടെ ഒരു കൊച്ചു മുഖം വന്ന് അവളെ പാളി നോക്കി... ഉടന്‍ --- ' ട്ട ക് ' ... എന്ന് വാതില്‍ അമര്‍ത്തിയടച്ചു.

' .. ത്താ ത്താ .... അമ്മാ .... , ക്കാ ക്കാ ... '
അവള്‍ വീണ്ടും വിളിക്കുകയാണ് ... പ്രതീക്ഷയോടെ.

അതാ .... ആ വാതില്‍ വീണ്ടം തുറക്കുന്നു ...
ആദ്യം പാളിനോക്കിയ ആ കൊച്ചു മുഖം ഇപ്പോള്‍ അവളെ നന്നായൊന്നു നോക്കി .... ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടും കൊണ്ട് അവന്‍ അകത്തേക്കോടി....

'' ... മ്മാ..... ഒരണ്ണാച്ചി .... "

അവന്‍റെ അറിയിപ്പ് കേട്ടതോണ്ടാവും അവന്‍റെ ഉമ്മയും വേറെ രണ്ടു മൂന്ന് കുട്ടികളും ഉമ്മറത്തേക്ക് വന്നത് . വന്ന പാടെ ചോദ്യഭാവത്തില്‍ ആ വീട്ടമ്മ അവളെയൊന്ന് സൂക്ഷിച്ചു നോക്കി....

ആ നാടോടിപ്പെണ്ണ് അവളാലാവും വിധം ആംഗ്യത്തിന്‍റെ അകമ്പടിയോടെ സമ്മിശ്ര ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്ക് ഒന്ന് രണ്ടു തവണ അവളുടെ തൊണ്ട ഇടറിയോ ..... എന്ന് - അത് കേള്‍ക്കുന്ന നമുക്ക് തോന്നും !
ഈ സമയമത്രയും അവിടത്തെ കുട്ടികള്‍ മൂന്ന് പേരും ഒരു കൌതുക വസ്തുവിനെ കാണുന്നപോലെ ആ കറുത്ത് എല്ലുന്തിയ പയ്യനെ നോക്കിക്കാണുകയാണ്.
എല്ലാം കേട്ട വീട്ടമ്മ - അവര്‍ക്ക് ആ നാടോടി സ്ത്രീ പറഞ്ഞത് വല്ലതും മനസ്സിലയായോ ആവോ - ഏതായാലും ഇത്രയും പറഞ്ഞു അവളോട്‌ :

'' ഇവടെ ഇപ്പം ഒന്നും ല്യാ .... , പൊയ്ക്കോളിന്‍ ... "

ഈ നിസ്സഹകരണത്തില്‍ മനം നൊന്ത് വീണ്ടും ആ തമിഴത്തി എന്തൊക്കെയോ പദം പറഞ്ഞ് കരഞ്ഞു യാചിച്ചു നോക്കി അവലാവും വിധം ...
ഇത് കേട്ട ആ കുട്ടികളും അവളോട്‌ പറയുന്നുണ്ട് .. ഒരു കോറസ്സു പോലെ ...

'' പൊയ്ക്കോ .. പൊയ്ക്കോ ..പോ .. പോ ...ഇബട ഒന്നും ഇല്യ .. വേം പൊയ്ക്കോ ..''

'' മുണ്ടാതിരിക്കീനെടാ ... ഒച്ച ണ്ടാക്കാതെ ... " - ഉമ്മ അവരെ ശാസിച്ചു.
അതും പറഞ്ഞ് എന്തോ ഒരു മാനസാന്തരമുണ്ടായ പോലെ ആ സ്ത്രീ സാവധാനം അകത്തേക്ക് പോയി...
അതു കണ്ട ആ നാടോടിപ്പെണ്ണിന്‍റെ ഉള്ളത്തില്‍ പ്രതീക്ഷയുടെ ഒരു പുതുനാമ്പ് കിളിര്‍ക്കുകയായിരുന്നു അപ്പോള്‍ .
ഉമ്മ അകത്തേക്ക് പോയ തക്കത്തിന് കുട്ടികള്‍ അവരുടെ കളിയിലേര്‍പ്പെട്ടു. അതില്‍ ഏറ്റവും ഇളയ ഒരു മൂന്നു വയസ്സുകാരി ... മുച്ചക്രമുള്ള ഒരു നീല നിറ സൈക്കിളിലാണ് യാത്ര.....
അവളുടെ മൂത്തവന്‍ റിമോട്ട് സംവിധാനത്തിലൂടെ ഓടുന്ന ഒരു പോലീസ്‌ വണ്ടി മുന്നോട്ടും പിന്നോട്ടും ഓടിക്കുന്നുണ്ട്. ആ പോലീസ്‌ വാഹനം വരാന്തയില്‍ തലങ്ങും വിലങ്ങും ഓടുപോള്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന വെളിച്ചം മിന്നിത്തിളങ്ങുന്നത് ... അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഭാവത്തിലും മുറ്റത്ത് നില്‍ക്കുന്ന ബാലാജി എന്ന ആ കുഞ്ഞു ബാലന്‍റെ മനസ്സിലും മിന്നി മറയുന്നുണ്ട്. 


ആ കാഴ്ച്ചകള്‍ കണ്ട അവന്‍ അറിയാതെ പലപ്പോഴും തുള്ളിച്ചാടി....
ഇത്തിരി മൂത്ത ആ വീട്ടിലെ പയ്യന്‍ ... - അവനാണല്ലോ ആദ്യം വന്ന് വാതില്‍ തുറന്നത്... - പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ചന്ദന നിറമുള്ള ഒരു ബാറ്റും , കിളിപ്പച്ച നിറത്തിലുള്ള ഒരു കൊച്ചു പന്തുമായി റണ്‍സ് വാരിക്കൂട്ടുകയാണ് മുറ്റത്ത്.

ഗ്രില്‍സിട്ട വരാന്തയുടെ മുറ്റത്തിന്‍റെ ഓരം പറ്റി സൈക്കിള്‍ നിറുത്തി - ആങ്ങളയുടെ പോലീസ്‌ വണ്ടിക്ക് സൈഡ് കൊടുക്കുകയാണ് ആ മൂന്നു വയസ്സുകാരി കാന്താരി.

നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല ബാലാജിക്ക് അവന്‍റെ കുഞ്ഞു കൈകളെ.
ഗ്രില്‍സിന്‍റെ വിടിവിലൂടെ അവന്‍ ആ കുഞ്ഞു കൈകള്‍ നീട്ടി അടക്കാനാവാത്ത ആവേശത്തോടെ പതിയെ ആ സൈക്കിളില്‍ ഒന്ന് ... തൊ ... ട്ടു !

" ... തൊടണ്ടാ .... , അത് ബെടക്കാവും ... ''

ഈ രംഗം കണ്ടുംകൊണ്ടു അകത്ത് നിന്നും വന്ന വീട്ടമ്മയുടെ ശാസന പോലുള്ള സ്വരം കേട്ട് ആ കൊച്ചു പയ്യന്‍ പേടിച്ചു പോയി.
ആ കുരുന്നു മുഖത്തിലെ ഉല്ലാസങ്ങള്‍ മാഞ്ഞ് വീണ്ടും അവന്‍ കരച്ചിലിന്‍റെ വക്കിലെത്തി. അവരുടെ ശാസനയല്ല അവനെ കരയിപ്പിച്ചത്. ആഗ്രഹത്തോടെ അതിലൊന്ന് തൊടാന്‍ പോലും അവന് കഴിയാഞ്ഞതിലുള്ള സങ്കടമായിരുന്നു അവന്‍റെ കുഞ്ഞു മനസ്സിലപ്പോള്‍ .

വീട്ടമ്മ അവരുടെ കയ്യില്‍ എന്തോ ചുരുട്ടിപ്പിടിച്ചത് കണ്ട സന്തോഷത്തില്‍ വള്ളിയമ്മ അവളുടെ ഉള്ളംകൈകള്‍ രണ്ടും ഒരു കുമ്പിള്‍ പോലെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് നേരെ നീട്ടി അതീവ സന്തോഷത്തോടെ ....

ആ കൈയില്‍ വീണ സഹായ ധനമായിരുന്നു .... നാലണ !

കൂടെ ഒരു മുന്നറിയിപ്പും : '' വേഗം പൊയ്ക്കോ... ഇവടെ നിക്കണ്ട .... , കുട്ട്യോള്‍ടെ ഉപ്പ വരാന്‍ നേരമായി ... "
അതും പറഞ്ഞ് മക്കളെ മൂന്നാളെയും അകത്തേക്ക് വിളിച്ച് അവര്‍ വാതില്‍ അമര്‍ത്തിയടച്ചു .

ആ നാടോടിപ്പെണ്ണിന് .... ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. അവള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് വിതുമ്പുന്ന ചുണ്ടുകളാല്‍ . അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരിക്കുന്നു.
അടഞ്ഞ വാതിലും നോക്കി ആ ' നാലണ 'യും കൈവെള്ളയില്‍ വെച്ച് ബാലാജിയുടെ കൈത്തണ്ടയും പിടിച്ചു വലിച്ച് .... അവള്‍ ഗെയിറ്റിനു വെളിയ്ല്‍ കടന്നു - ഒരു തിരസ്കൃതയെപ്പോലെ !
ആ വലിയില്‍ ബാലാജി അടി തെറ്റി വീണതോ .... വീഴാന്‍ പോയതോ ... ഒന്നും അവള്‍ കണ്ടില്ല. അവളുടെ കണ്ണില്‍ ഇരുട്ട് കയറിയിരുന്നു....
** ....
തെങ്ങു കയറാന്‍ വന്ന ദാസപ്പനാണ് അത് കണ്ടത്.
ഒരു അണ്ണാച്ചിപ്പെണ്ണും കുട്ടിയും ഗേറ്റ് കടന്ന് പോവുന്നതും ആ കുട്ടിയുടെ കയ്യിലൊരു കളിക്കോപ്പും !
ദാസപ്പന്‍ ആ വീട്ടുകാരിയോട് കാര്യം പറഞ്ഞു. അവരും കുട്ടികളും മറ്റുത്തിറങ്ങി നോക്കി. ശെരിയാണ്.... , അവിടെക്കിടന്ന ആ കളിപ്പാട്ടം കാണാനില്ല.

ദാസപ്പന്‍റെ നേത്രത്വത്തില്‍ അയല്‍വാസി സത്താറും വേറെ ഒന്ന് രണ്ടു പേരും ചേര്‍ന്ന് തിരച്ചിലായി ആ തമിഴത്തിയെ കണ്ടെത്താന്‍ .

അതാ ... അവള്‍ ചാക്കു കെട്ട് നിലത്തു വെച്ച് ... റോട്ടുവക്കിലെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാനുള്ള ശ്രമത്തിലാണ്. ആ പയ്യനുണ്ട് നിലത്തിരുന്ന് ചക്രമില്ലാത്ത പൊട്ടിയ ആ കളിപ്പാട്ടം മണ്ണില്‍ ഉരസിക്കളിക്കുന്നു !

മുടിക്കുത്തിനു തന്നെ പിടിച്ചു അവളെ !
പിന്നെ ഒന്നും നോക്കിയില്ല. തലങ്ങും വിലങ്ങും അവളെയിട്ടു തല്ലി...
തല്ലുന്നതിന്നിടയില്‍ ആക്രോശിക്കുന്നുണ്ട് അവര്‍ : '' കള്ളത്തി ... വീടുകളില്‍ കയറി കട്ട് കൊണ്ടു പോവാന്‍ വന്ന കൂത്തിച്ചി ... ങാ ഹാ.... നിന്നെ അങ്ങനെ വിട്ടാല്‍ പറ്റൂല ... വാടീ ഇവടെ ... "

പാവം വള്ളിയമ്മ ! അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
ആരോ ആ കുരുന്നിനെ - ബാലാജിയെ - കാലു കൊണ്ടൊരു തട്ട് ... !
അതോടൊപ്പം അവന്‍റെ കൈയ്യില്‍ നിന്നും ആ കളിപ്പാട്ടം അയാള്‍ തട്ടിപ്പറിച്ചു.
അപ്പഴാണ് വള്ളിയമ്മ അത് കാണുന്നത് തന്നെ.
അവള്‍ കൈപ്പിടിച്ച് ആ മുറ്റത്ത് നിന്നും ബാലാജിയെ വലിച്ചിഴച്ചപ്പോള്‍ ആ വീഴ്ച്ചക്കിടയില്‍ അവന്‍ കൈപ്പിടിയില്‍ ഒതുക്കിയതാണ് ആ കേടുവന്ന കളിക്കോപ്പ് !

അടികൊണ്ടു നിലത്തു വീണ് .. ചുണ്ട് പൊട്ടി ചോര കിനിയുന്ന വള്ളിയമ്മയെ അരിശം തീരാഞ്ഞ് നാലു തെറികളും കൂടെ പറഞ്ഞ് ആ വന്നവര്‍ വിജയശ്രീ ലാളിതരായി തിരികെപ്പോയി. എന്തിനെന്നറിയാതെ ബാലാജിയും അമ്മയെക്കെട്ടിപ്പിടിച്ച്‌ കുറേ നേരം കരഞ്ഞു -
ആകാശത്തിനു ചുവടെ ആ പെരുവഴിയിലെ പൊരി വെയിലത്ത്.
**....
പട്ടിണി മാറ്റാന്‍ ഒരു ഗതിയുമില്ലാഞ്ഞ് നാലു ദിവസം മുന്‍പ്‌ അവളുടെ കണവന്‍ - ബാലാജിയുടെ അപ്പ - ഒരു വയലിലെ കുഴിയിലിറങ്ങി ഒന്നു രണ്ട് ആമയെ പിടിക്കാന്‍ പോയതായിരുന്നു. നിവൃത്തികേടിന് അതെങ്കിലും ചുട്ടു തിന്നാമല്ലോ ... !
ആമയെ പിടിക്കാന്‍ കുളക്കടവില്‍ ചെന്നിരുന്ന അയാളെ വഴിപോക്കരാണ് കണ്ടത്.
കള്ളന്‍ എന്ന മുദ്ര കുത്താന്‍ അധിക നേരം വേണ്ടി വന്നില്ല.
നാട്ടുകാരുടെ പെരുമാറലില്‍ ബോധം നശിച്ച അയാളെ പിന്നീട് പോലീസുകാരും കണക്കിന് ഭേദ്യം ചെയ്തു. പിറ്റേന്ന് ...
അനാഥ ശവങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അവളുടെ കണവനെ സര്‍ക്കാര്‍ പുറമ്പോക്കില്‍ കുഴിച്ചിട്ടത് വള്ളിയമ്മ വൈകിയാണ് അറിഞ്ഞത് .
** ....
അടി കൊണ്ട് വീര്‍ത്ത മുഖവുമായി എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞിന്‍റെ കൈയും പിടിച്ച് വള്ളിയമ്മ എത്തിയത് ആ ഗ്രാമത്തിലെ പുഴക്കരയിലാണ് .
സമയം സന്ധ്യയോടടുക്കുന്നു. തലേന്ന് ഏതോ ഹോട്ടലുകാര് കട അടക്കാന്‍ നേരം കൊടുത്ത രണ്ട് പഴംപൊരി കഴിച്ചതാണ് അവളും മോനും. പിന്നീടിത് വരെ പച്ചവെള്ളമല്ലാതെ ഒന്നും വയറ്റില്‍ ചെന്നിട്ടില്ല. കുഞ്ഞിന്‍റെ വിശന്നുള്ള കരച്ചില്‍ അവളെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കുന്നത്.
ചാക്കു കെട്ട് അഴിച്ച്‌ അതിലുണ്ടായിരുന്ന അലൂമിയ പാത്രം എടുത്ത് അതിലിത്തിരി പുഴ വെള്ളം നിറച്ച അവള്‍ ... ഒരടുപ്പ് കൂട്ടി തീ പകര്‍ന്ന് ആ പാത്രം അതിനു മുകളില്‍ വെച്ചു. അത് ബാലാജിയോടുള്ള ഒരു കബളിപ്പിക്കലായിരുന്നു. കാരണം... ആ കലം അടുപ്പത്തിരിക്കുന്നത് കണ്ടിട്ട് അതില്‍ വല്ലതും വേവുന്നുണ്ട് എന്നെങ്കിലും അവന്‍ കരുതട്ടെ . അതിന്നിടയ്ക്ക് അവന്‍ തളര്‍ന്നുറങ്ങിയാലായി .

അപ്പഴാണ് അവളുടെ മനസ്സില്‍ ഒരാശയം തോന്നിയത്.
തൊട്ടടു മുന്നില്‍ പുഴയല്ലേ ... ! ഒന്ന് മുങ്ങിത്തപ്പി നോക്കാം . വല്ല കക്കയോ മറ്റോ കിട്ടിയാല്‍ അതെങ്കിലും ഈ കലത്തിലെ വെള്ളത്തിലിട്ട് - ഉപ്പും മുളകും ഒന്നും വേണ്ട - വേവിച്ച് തന്‍റെ പൊന്നുമോന് കൊടുക്കാലോ ഒരു നേരമെങ്കിലും ...
അടുപ്പത്ത് വെച്ച കലത്തില്‍ ' ഇല്ലാത്ത അരി ' വേവുന്നത് നോക്കാന്‍ ആ ബാലനെ ഏല്‍പ്പിച്ച് ... ഭാണ്ഡത്തില്‍ നിന്നും പണ്ടാരോ കൊടുത്ത ഒരു പഴയ ചുവന്ന ലുങ്കി മുലക്കച്ച പോലെ കെട്ടി ചേല അഴിച്ചു മാറ്റി അവള്‍ പുഴയിലെക്കിറങ്ങി !
** ....
സത്താറും ദാസപ്പനും രണ്ടാം ഊഴത്തിന് റെഡിയായി നില്‍പ്പാണ്. വേറെ രണ്ട് പേരുണ്ട് കൂടെ . അവരുടെ ഊഴമാണിപ്പോള്‍ .
അവര്‍ വള്ളിയമ്മയെ പിന്‍തുടര്‍ന്ന് പുഴ വക്കിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിപ്പായിരുന്നു. മുലക്കച്ച കെട്ടി വെള്ളത്തിലിറങ്ങി ഒന്ന് രണ്ട് തവണ മുങ്ങി നിവര്‍ന്ന വള്ളിയെ കണ്ട അവര്‍ക്ക് പിന്നീട് ഇരിപ്പുറച്ചില്ല . പതുങ്ങിച്ചെന്നു വെള്ളത്തിലിറങ്ങിയ ആ നാല്‍വര്‍സംഘം മുങ്ങി നിവര്‍ന്ന വള്ളിയെ വായും മൂക്കും പൊത്തിപ്പിടിച്ച് - അവളെ താങ്ങി എടുത്തോണ്ട് ആ കാണുന്ന കുറ്റിക്കാട്ടിലേക്ക് ഓരോട്ടമായിരുന്നു. ആ മല്‍പ്പിടിത്തത്തില്‍ അവളുടെ മുലക്കച്ച അഴിഞ്ഞു വീണ്‌ ഊര്‍ന്നു പോയത് അവര്‍ക്കൊരു സൌകര്യമായിക്കാണും ...
**....
വെന്തു വരാനുള്ള - ഇല്ലാത്ത അന്നത്തെ മോഹിച്ച് - കാലിയായ ആ കലത്തിലേക്ക് ഇടയ്ക്കിടെ എത്തി നോക്കുന്ന ബാലാജി !
അമ്മ പോയിട്ട് ഒത്തിരി നേരമായി. തിരഞ്ഞു പോയി നോക്കാനുള്ള ബുദ്ധിയൊന്നും ആ കുരിന്നിന് വന്നിട്ടില്ലല്ലോ...
അവന്‍വിശന്നു തളര്‍ന്ന് ആ അടുപ്പിനു ചാരെ ചൊരിമണലില്‍ വീണ്‌ വാവിട്ട് കരഞ്ഞു നോക്കി....
അമ്മ വന്നിട്ട് വേണം അവന്‍റെ ഒട്ടിയ വയറിന്‍റെ വിശപ്പടക്കാന്‍ ....

പക്ഷേ .. അമ്മയുടെ നഗ്നമേനിയില്‍ മാറി മാറി വിശപ്പടക്കിയ അവര്‍ ..
ആര്‍ക്കും വേണ്ടാത്ത ഒരു പൊട്ടിയ കളിപ്പാട്ടത്തിനു വേണ്ടി അവളെ തല്ലിച്ചതച്ച ആ നാല്‍വര്‍ സംഘം ....
അവളെ ഒരു മറ്റൊരു ഇഷ്ടപ്പെട്ട കളിപ്പാട്ടം കണക്കെ പിച്ചിച്ചീന്തി തച്ചുടചിരുന്നു അവര്‍ക്ക് മതിയാവോളം .... !
അവര്‍ ചുരുട്ടി വെച്ചു കൊടുത്ത ഏതാനും മുഷിഞ്ഞ നോട്ടുകള്‍ നോക്കി - കണ്ണുനീര്‍ വറ്റി .... ഒന്ന് പൊട്ടിക്കരയാന്‍ പോലുമാവാതെ വള്ളി എന്ന ആ നാടോടിപ്പെണ്ണ് .....

ഒരുതുണ്ട് ഭൂമിയില്ലാത്ത - ഒരു തരി മണ്ണ് സ്വന്തമായില്ലാത്ത - ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാത്ത -അവള്‍ നമുക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമാവുകയാണിവിടെ .
ആ ഇളം പൈതലും 

````````````````````````````````````````````````````````````````````````` !!!
Hamza Pullatheel Karimbil
2013 Noc 08 നു - ഫേസ്ബുക്കില്‍ എഴുതിയത് !